
















അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇവരില്‍ 50 പേരും ഹരിയാനക്കാരാണ്. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരില്‍ പലര്‍ക്കും വിമാനയാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങല ധരിക്കേണ്ടി വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍, കൈത്തല്‍ ജില്ലയില്‍ നിന്നും 15, അംബാലയില്‍ നിന്ന് 5, യമുനാനഗര്‍ - 4, കുരുക്ഷേത്ര - 4, ജിന്ദ് - 3, സോണിപത് - 2, പഞ്ചകുള, പാനിപത്, റോഹ്തക്, ഫത്തേബാദ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് നാടുകടത്തപ്പെട്ട് തിരിച്ചെത്തിയത്. നാടുകടത്തപ്പെട്ടവരില്‍ ഏറെയും 25 മുതല്‍ 40 വയസു വരെ പ്രായമുള്ളവരാണ്. തൊഴില്‍ തട്ടിപ്പിനിരയായി അമേരിക്കയിലേക്ക് അനധികൃതമായി എത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. 35 മുതല്‍ 57 ലക്ഷം രൂപ വരെ ഏജന്റുമാര്‍ക്കു നല്‍കി കബളിക്കപ്പെട്ടവരാണ് പലരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
'എന്റെ കാലുകള്‍ വീര്‍ത്തിരിക്കുന്നു. വിമാനയാത്രയില്‍ 25 മണിക്കൂര്‍ ഞാന്‍ ചങ്ങലയിലായിരുന്നു.'- യുഎസ് നാടുകടത്തിയ 45 കാരനായ ഹര്‍ജീന്ദര്‍ സിങ് പറഞ്ഞു. മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ 35 ലക്ഷം രൂപ ചെലവഴിച്ചതായും എന്നാല്‍ കുടുംബത്തിന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന തന്റെ സ്വപ്നങ്ങള്‍ ഇപ്പോള്‍ തകര്‍ന്നതായും സിങ് പറഞ്ഞു. എന്നാല്‍, ഏജന്റുമാര്‍ക്കെതിരെ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ഹരിയാനയില്‍ എത്തിച്ച ഇവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം യുഎസ് അധികൃതര്‍ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കളെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.