അതിര്‍ത്തിയ്ക്കപ്പുറം അഫ്ഗാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രി ഖ്വാജ ആസിഫ്. താലിബാന്‍ സര്‍ക്കാരിന്റെ സമീപകാല തീരുമാനങ്ങള്‍ പാകിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും താലിബാന്റെ തീരുമാനങ്ങളില്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്വാധീനം വ്യക്തമായി കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരാക്രമണങ്ങള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ തീവ്രവാദികള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ താലിബാന്‍ സര്‍ക്കാര്‍ യാതൊരു കൃത്യമായ നടപടിയും സ്വീകരിച്ചിട്ടില്ല.
നയതന്ത്ര മാര്‍ഗങ്ങളിലൂടെ അഫ്ഗാനിസ്ഥാനുമായി ഇടപഴകാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിട്ടുണ്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് താലിബാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . താലിബാന്‍ പാകിസ്ഥാനെതിരെ ഒരു നിഴല്‍ യുദ്ധം നടത്തുകയാണിപ്പോള്‍,' എന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ശാശ്വത പരിഹാരത്തിന് ട്രംപ് ഇടപെടണമെന്നാവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാര്‍ യുദ്ധമുണ്ടാക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കുന്ന ഒരേയൊരു പ്രസിഡന്റായി ട്രംപ് മാറിയെന്നും ഇത്ര സമാധാന പ്രിയനായ മറ്റൊരു യുഎസ് പ്രസിഡന്റുണ്ടായിട്ടില്ലെന്നും ഖ്വാജ ആസിഫ് പറയുന്നു. അതുകൊണ്ടുതന്നെ പാക്-അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.