
















അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അമേരിക്കയുടെയോ മറ്റെതെങ്കിലും രാജ്യങ്ങളുടെയോ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് റഷ്യ വ്യക്തമാക്കി. അമേരിക്കയുടെ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരായ ഉപരോധം റഷ്യ- അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താത്ത ശത്രുതാപരമായ പ്രവൃത്തിയെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വച്ചുള്ള ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കും.
അമേരിക്കന്‍ ഉപരോധത്തിന് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെങ്കിലും റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നാണ് പുടിന്റെ വിലയിരുത്തല്‍. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലുമെതിരായ അമേരിക്കന്‍ ഉപരോധത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു പുടിന്‍. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.
അമേരിക്കയുടെ ഉപരോധം ആഗോള എണ്ണവിലയില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെയാണ് റഷ്യന്‍ എണ്ണ കമ്പനികള്‍ക്കുനേരെ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയത്.