
















വിദേശത്ത് പരിശീലനം നേടിയെത്തിയ ഡോക്ടര്‍മാര്‍ റെക്കോര്‍ഡ് തോതില്‍ യുകെ ഉപേക്ഷിക്കുന്നു. എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സില്‍ വലിയ പ്രതിസന്ധി പടര്‍ത്തുന്നതിലേക്ക് നയിക്കുന്ന ഈ സ്ഥിതി കുടിയേറ്റക്കാര്‍ക്ക് എതിരായ വിരോധം പടരുന്നതിന്റെ പ്രത്യാഘാതമാണെന്നാണ് വിലയിരുത്തല്‍.
2024-ല്‍ മാത്രം വിദേശത്ത് പഠിച്ചെത്തിയ 4880 ഡോക്ടര്‍മാര്‍ യുകെ ഉപേക്ഷിച്ച് പോയെന്നാണ് ഞെട്ടിക്കുന്ന കണക്ക്. ഇതിന് മുന്‍പത്തെ വര്‍ഷം 3869 പേര്‍ രാജിവെച്ച സ്ഥാനത്ത് നിന്നും 26 ശതമാനമാണ് വര്‍ദ്ധന. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള കണക്കുകളാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയത്.
യുകെയിലെ കുടിയേറ്റക്കാരെ മോശമാക്കി കാണിക്കുകയും, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദേശ ഡോക്ടര്‍മാര്‍ രാജ്യം വിടുന്നതെന്ന് എന്‍എച്ച്എസ് മേധാവികളും, സീനിയര്‍ ഡോക്ടര്‍മാര്‍, ജിഎംസി എന്നിവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
'എന്‍എച്ച്എസിന് നഷ്ടപ്പെടാന്‍ പാടില്ലാത്ത ഉയര്‍ന്ന യോഗ്യതയും, മൂല്യവുമുള്ള അന്താരാഷ്ട്ര ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിച്ച് പോകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. പല വര്‍ഷങ്ങളായി റിക്രൂട്ട് ചെയ്‌തെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈ ഡോക്ടര്‍മാര്‍ ഇല്ലെങ്കില്‍ ഇന്നത്തെ എന്‍എച്ച്എസ് ഉണ്ടാകില്ല. ഈ വൈവിധ്യം എന്‍എച്ച്എസിന്റെ ശക്തിയാണ്', എന്‍എച്ച്എസ് പ്രെവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ എല്‍കെലെസ് പറഞ്ഞു.
1970-കളിലും, 80-കളിലും നേരിട്ട വംശവെറി ബ്രിട്ടനിലേക്ക് തിരിച്ചെത്തുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ മാസം ആശങ്ക ഉന്നയിച്ചിരുന്നു. വിദേശ ഡോക്ടര്‍മാര്‍ യുകെ വിടുന്നതിനൊപ്പം, പുതിയ ഡോക്ടര്‍മാര്‍ രാജ്യത്ത് ജോലിക്കായി എത്തുന്നതില്‍ ആവേശം കുറയുകയും ചെയ്യുന്നുണ്ട്.