
















തങ്ങളുടെ പ്രിയപ്പെട്ടവളെ ഡോക്ടര്‍മാര്‍ കൈവിട്ട് കളഞ്ഞതോടെ അവളെ മരണത്തിലേക്ക് തള്ളിവിട്ടെന്ന ആരോപണവുമായി എന്‍എച്ച്എസ് നഴ്‌സിന്റെ കുടുംബം. കടുത്ത നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടെങ്കിലും കേവലം ദഹനപ്രശ്‌നം മാത്രമെന്ന് വിധിയെഴുതിയ ശേഷമാണ് 47-കാരിയായ എന്‍എച്ച്എസ് നഴ്‌സിനെ മരണം കീഴടക്കിയത്.
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ടെയിംസൈഡിലെ ഡെന്റണില്‍ നിന്നുള്ള 47-കാരി പോളാ ഇവേഴ്‌സിനെയാണ് വീട്ടിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ മകള്‍ കണ്ടെത്തിയത്. 2024 മാര്‍ച്ച് 8-നായിരുന്നു സംഭവം. ഇതിന് മൂന്ന് ദിവസം മുന്‍പാണ് കടുത്ത നെഞ്ചുവേദനയുമായി ഇവേഴ്‌സ് ടെയിംസൈഡ് ഹോസ്പിറ്റലിലെ എ&ഇയില്‍ എത്തിയത്.
പ്രസവസേവനയേക്കാള്‍ കടുപ്പമേറിയ വേദനയെന്ന് എന്‍എച്ച്എസ് നഴ്‌സ് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ കാര്യമാക്കിയില്ല. ദഹനപ്രശ്‌നം മാത്രമാണെന്ന് വിധിച്ച് ഇവരെ വീട്ടിലേക്ക് മടക്കി. ബുദ്ധിമുട്ടിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇവര്‍ ഉറപ്പുനല്‍കിയതായി സ്റ്റോക്ക്‌പോര്‍ട്ട് കൊറോണേഴ്‌സ് കോര്‍ട്ടിലെ ഇന്‍ക്വസ്റ്റില്‍ കുടുംബം വ്യക്തമാക്കി.
മരണശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആര്‍ട്ടറിയായ എയോര്‍ട്ടയില്‍ കീറലുണ്ടായെന്ന് കണ്ടെത്തി. ഓക്‌സിജന്‍ നിറച്ച രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഇതുവഴിയാണ്. ഈ കേടുപാട് യഥാര്‍ത്ഥത്തില്‍ കാര്‍ഡിയാക് അറസ്റ്റിന് കാരണമായി. എന്നാല്‍ ആശുപത്രിയില്‍ ഇതൊന്നും കണ്ടെത്തിയില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഒരു എന്‍എച്ച്എസ് നഴ്‌സിന് ആവശ്യമായ പരിചരണവും, കൃത്യമായ രോഗസ്ഥിരീകരണവും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.