
















ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് പുതിയ വെല്ലുവിളി നേരിടുമെന്ന് റിപ്പോര്‍ട്ട്. പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി പദം രാജിവെച്ച് സ്റ്റാര്‍മര്‍ക്ക് നേതൃപോരാട്ടം നേരിടേണ്ടി വരുമെന്നാണ് ലേബര്‍ എംപിമാര്‍ വിശ്വസിക്കുന്നത്.
പ്രധാനമന്ത്രി പദത്തിന് വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ആധുനിക ഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ ബജറ്റ് അവതരണം നടക്കുന്നത്. എന്തും സ്വീകരിക്കാന്‍ തയ്യാറാണെന്ന മട്ടിലേക്ക് പ്രധാനമന്ത്രി മാറിക്കഴിഞ്ഞെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ബാക്ക്‌ബെഞ്ചര്‍ പറഞ്ഞു. തനിക്ക് അധികം സമയമില്ലെന്ന് മനസ്സിലാക്കിയുള്ള നിലപാടാണ് ഇതെന്നാണ് ലേബര്‍ എംപിമാരുടെ വിലയിരുത്തല്‍.
മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം എന്നിവരാണ് പിന്‍ഗാമിയാകാന്‍ രംഗത്തുള്ളത്. തനിക്ക് 2034 വരെ നം.10-ല്‍ തുടരണമെന്നാണ് ആഗ്രഹമെന്ന് സ്റ്റാര്‍മര്‍ ജി20 യോഗത്തിനെത്തിയപ്പോള്‍ ഈ ചോദ്യങ്ങളോട് പ്രതികരിച്ചത്.
ലേബര്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ ബേണ്‍ഹാമും, റെയ്‌നറും സുപ്രധാന മാര്‍ജിനില്‍ വിജയം നേടുമെന്ന് കണ്ടെത്തി. സ്ട്രീറ്റിംഗും, മിലിബന്ദും ചെറിയ ആനുകൂല്യം നേടുമെന്നും സര്‍വ്വെ പറയുന്നു. 54% ലേബര്‍ അംഗങ്ങളും അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ നേതാവ് വരണമെന്ന് അഭിപ്രായപ്പെടുന്നു. സ്റ്റാര്‍മറെ പിന്തുണച്ച 41% പേരും ഇപ്പോള്‍ ഇദ്ദേഹത്തെ തള്ളിപ്പറയുകയാണ്.