
















ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വിരമിക്കുന്നതിന് ശേഷം ഓരോ വര്‍ഷവും ഏകദേശം 125,000 പൗണ്ട് പെന്‍ഷന്‍ ലഭിക്കുമെന്ന് കണ്ടെത്തല്‍. 23-ാം വയസ്സില്‍ എന്‍എച്ച്എസില്‍ ജോലി ആരംഭിക്കുന്ന റസിഡന്റ് ഡോക്ടര്‍മാര്‍ 68-ാം വയസ്സില്‍ വിരമിക്കും. ഇതുവഴി ഇവര്‍ക്ക് വാര്‍ഷിക അലവന്‍സ് 124,363 പൗണ്ട് വരെ ലഭിക്കാന്‍ യോഗ്യത വരുമെന്ന് വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനം ക്വില്‍റ്റര്‍ കണ്ടെത്തി.
എന്‍എച്ച്എസിന്റെ പെന്‍ഷന്‍ സ്‌കീം വളരെ ദയവുള്ളതാണ്. ഇതുവഴി ഓരോ വര്‍ഷവും 1.85 ശതമാനം ഗ്യാരണ്ടീഡ് വരുമാനം ലഭിക്കും. വര്‍ഷാവര്‍ഷം പണപ്പെരുപ്പത്തിനൊപ്പം 1.5 ശതമാനം വര്‍ദ്ധനവും ലഭിക്കും.
പോസ്റ്റ്ഗ്രാജുവേറ്റ് ട്രെയിനിംഗ് ആരംഭിക്കുന്ന ജൂനിയര്‍ ഡോക്ടര്‍ക്ക് ബേസിക് സാലറി ഈ വര്‍ഷം 38,831 പൗണ്ടാണ്. ഇത് സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗിന് രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ 73,992 പൗണ്ടിലേക്ക് ഉയരും. ഇത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ജിപി, കണ്‍സള്‍ട്ടന്റ്, മറ്റ് സീനിയര്‍ റോളുകളിലേക്ക് യോഗ്യത നേടുക.
പത്ത് വര്‍ഷത്തിനകം ലഭിക്കുന്ന പെന്‍ഷന്‍ വരുമാനത്തിന്റെ തോത് പ്രതിവര്‍ഷം 11,906 പൗണ്ടിലേക്ക് എത്തുമെന്ന് ക്വില്‍റ്റര്‍ പറയുന്നു. ഇവര്‍ കണ്‍സള്‍ട്ടന്റായി മാറുകയും, ഈ പദവിയില്‍ എന്‍എച്ച്എസ് വിരമിക്കല്‍ പ്രായം വരെ തുടരുകയും ചെയ്താല്‍ പെന്‍ഷന്‍ ഗ്യാരണ്ടി പ്രകാരം 124,363 പൗണ്ട് വരെയായി ഉയരും.
ഇപ്പോള്‍ 26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം 28.9 ശതമാനം വര്‍ദ്ധന സിദ്ധിച്ച ശേഷമാണ് ഇത്.