
















കള്ളന്‍മാരും കൊള്ളക്കാരും വാഴുന്ന കാലം. ഇതാണ് ബ്രിട്ടനിലെ പോലീസ് സേനകളുടെ നിരുത്സാഹം മൂലം സംഭവിക്കുന്ന അവസ്ഥ. എത്ര ചെറിയ കേസായാലും അത് ഉത്സാഹപൂര്‍വ്വം പരിഗണിക്കുമ്പോള്‍ മാത്രമാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇതില്‍ നിന്നും പിന്തിരിയാനുള്ള മോഹം ഉദിക്കുന്നത്. മറിച്ചായാല്‍ തങ്ങള്‍ എന്തൊക്കെ കുറ്റകൃത്യങ്ങള്‍ ചെയ്താലും പോലീസ് തിരിഞ്ഞുനോക്കില്ലെന്ന ആത്മവിശ്വാസം വളരുകയും ചെയ്യും.
ഷോപ്പ് മോഷണങ്ങള്‍ പോലും റെക്കോര്‍ഡ് തോതില്‍ കേസ് അന്വേഷണം നടത്താതെ അവസാനിപ്പിക്കുന്നതിലാണ് ബ്രിട്ടനിലെ പോലീസിന് ആവേശമുള്ളത്. ദിവസേന 810 കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടാതെ അവസാനിക്കുന്നുണ്ടെന്നാണ് കണക്ക്. റെക്കോര്‍ഡ് തോതില്‍ കേസുകള്‍ ഉപേക്ഷിക്കുന്നത് രാജ്യം ഷോപ്പ് ലിഫ്റ്റിംഗ് പിടിയില്‍ അമരുമ്പോഴാണെന്നതാണ് വസ്തുത.
2024-25 വര്‍ഷം 295,589 ഷോപ്പ് മോഷണ കേസുകളാണ് പ്രതികളെ തിരിച്ചറിയാന്‍ പോലും കഴിയാതെ പോലീസ് അവസാനിപ്പിച്ചത്. മണിക്കൂറില്‍ 34 കുറ്റകൃത്യങ്ങള്‍ ഇതുപോലെ തുമ്പില്ലാതെ നിര്‍ത്തി. മഹാമാരി മുതല്‍ ഷോപ്പ് മോഷണങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയാണ് ചെയ്തത്. ലേബര്‍ അധികാരത്തിലെത്തിയ ശേഷം ഈ കവര്‍ച്ചയില്‍ 20% വര്‍ദ്ധനവും രേഖപ്പെടുത്തുന്നു. 
ലിബറല്‍ ഡെമോക്രാറ്റുകള്‍ നടത്തിയ അനാലിസിസിലാണ് പോലീസ് റെക്കോര്‍ഡ് തോതില്‍ കേസുകള്‍ ഉപേക്ഷിക്കുന്നതായി തിരിച്ചറിഞ്ഞത്. പ്രതിയെ തിരിച്ചറിയാതെ കേസ് അവസാനിപ്പിച്ച ഷോപ്പ് മോഷണ കേസുകളുടെ എണ്ണം അഞ്ച് വര്‍ഷം മുന്‍പത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 65 ശതമാനമാണ് ഉയര്‍ന്നത്.
ഈ വര്‍ഷം അഞ്ചിലൊന്ന് കേസുകളില്‍ താഴെ മാത്രമാണ് പ്രതിയെ കണ്ടെത്തി ചാര്‍ജ്ജ് ചെയ്യുകയോ, വിളിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. 55 ശതമാനം കേസുകളിലും പ്രതികളെ തിരിച്ചറിയുന്നത് കൂടിയില്ല. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ 530,643 ഷോപ്പ് മോഷണങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. ഓരോ മിനിറ്റിലും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. എന്നുമാത്രമല്ല 71% ജീവനക്കാരും അസഭ്യം കേള്‍ക്കേണ്ടി വരുന്നതായി യൂണിയന്‍ ഓഫ് ഷോപ്പ്, ഡിസ്ട്രിബ്യൂട്ടീവ് & അലൈഡ് വര്‍ക്കേഴ്‌സ് സര്‍വ്വെ വ്യക്തമാക്കി. 48 ശതമാനം ഭീഷണിക്ക് ഇരയായപ്പോള്‍ 9 ശതമാനം പേര്‍ക്ക് ശാരീരിക അതിക്രമവും നേരിട്ടു.