
















ഡിസംബറിലെ കൊടുംതണുപ്പില്‍ അപകടകരമായ ഇംഗ്ലീഷ് ചാനല്‍ യാത്രകള്‍ കുറയുന്നതാണ് പതിവ്. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ ആ പതിവും തെറ്റി. ഈ വര്‍ഷം ചെറുബോട്ടുകളില്‍ കയറി ബ്രിട്ടനിലെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 41,000 കടന്നതോടെ ലേബര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി മാറുകയാണെന്നാണ് സംശയം ഉയരുന്നത്.
വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വരെ ഫ്രാന്‍സില്‍ നിന്നും 13 ഡിഞ്ചികളിലായി ഏകദേശം 803 ആളുകള്‍ അപകടകരമായ യാത്രക്ക് ഇറങ്ങിയെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ 2025-ലെ ആകെ മനുഷ്യക്കടത്ത് 41,455 എന്ന സംഖ്യയിലെത്തി. വാര്‍ഷിക റെക്കോര്‍ഡ് 2022 അവസാനം സ്ഥാപിച്ച 45,755 എന്ന കണക്കാണ്.
ഒക്ടോബര്‍ 8ന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസം രാജ്യത്ത് പ്രവേശിച്ച ദിനമാണ് ശനിയാഴ്ച. ഡിസംബറിലെ ക്രോസിംഗ് ഏഴ് വര്‍ഷത്തിനിടെ കാണാത്ത റെക്കോര്‍ഡാണ് സ്ഥാപിച്ചത്. സാധാരണയായി കുറഞ്ഞ താപനിലയും, കാഴ്ച ബുദ്ധിമുട്ടും നേരിടുന്ന, കൊടുങ്കാറ്റ് നിറഞ്ഞ കാലാവസ്ഥയില്‍ ചാനല്‍ കടത്ത് കുറയുന്നതാണ്. ഈ മാസം ഇതുവരെ 2163 പേര്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3254 പേരും ചാനല്‍ കടന്നു. 
അതേസമയം മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് മനുഷ്യക്കടത്തിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് തുടരുകയാണ്. കഴിഞ്ഞ ആഴ്ച ജര്‍മ്മനി പാസാക്കിയ നിയമം അനുസരിച്ച് യുകെയിലേക്ക് കുടിയേറ്റക്കാരെ കടത്താന്‍ ശ്രമിച്ചാല്‍ പത്ത് വര്‍ഷം ജയില്‍ശിക്ഷ വിധിക്കുന്ന നിയമം പാസാക്കിയിട്ടുണ്ട്.
ഫ്രാന്‍സ് അല്‍പ്പം കൂടി സജീവമായി ഇടപെട്ടാല്‍ പ്രതിസന്ധി ഒരുവിധം പരിഹരിക്കാന്‍ കഴിയും. ചെറുബോട്ടുകളെ യുകെയിലേക്ക് വരുന്നതില്‍ നിന്നും തടയാന്‍ തയ്യാറാകുമെന്ന് ഫ്രാന്‍സ് സൂചന നല്‍കിയിട്ടുണ്ട്. റെക്കോര്‍ഡ് തോതില്‍ ആളുകള്‍ ചാനല്‍ കുടിയേറ്റം നടത്തുന്നത് നാണക്കേടാണെന്ന് ഹോം ഓഫീസും സമ്മതിക്കുന്നു.