
















വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് സംബന്ധിച്ച വിവാദത്തെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം മുഖമാസികയായ യോഗനാദം. ''യാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖമെന്നാണ് വിമര്‍ശനം. സിപിഐക്കെതിരെയും യോഗനാദത്തില്‍ വിമര്‍ശനമുണ്ട്.
സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷം കഴിഞ്ഞിട്ടും അധസ്ഥിത വിഭാഗങ്ങളോടുള്ള അയിത്തം തുടരുന്നതിന്റെ തെളിവാണ് അപഹാസ്യ ചര്‍ച്ചകളെന്നും വിമര്‍ശനം. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നട്ടെല്ല്. സിപിഐയുടെ നവ നേതൃത്വത്തിന് ഇപ്പോള്‍ ആ ബോധ്യമില്ലെന്നാണ് യോഗനാദത്തില്‍ വിമര്‍ശനം. ഉയര്‍ന്ന വിഭാഗത്തില്‍ നിന്നുള്ള ആളോ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളോ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയാല്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുകയില്ലെന്ന് യോഗനാദത്തില്‍ പറയുന്നു. വെളളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിക്കൊണ്ടുപോയത് രാജ്യദ്രോഹം പോലെ വരുത്തിതീര്‍ക്കാനാണ് ശ്രമം നടത്തുന്നതെന്നും വിമര്‍ശനം.
പരിഹാസങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണം പിന്നാക്കക്കാരനെ കാറില്‍ കയറ്റിയതുമാത്രമാണെന്നും പിന്നാക്ക സമുദായത്തിന് ലഭിക്കുന്ന അംഗീകാരം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിന്റെ വേദനയായി മാത്രമേ വിവാദത്തെ കാണുന്നുള്ളൂവെന്നും ലേഖനത്തില്‍ പറയുന്നു. മുസ്ലീംലീഗിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറി മതഭരണം നടപ്പാക്കാമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തില്‍ മുസ്ലീംലീഗ് സ്വപ്നം കാണുന്നതെന്നാണ് യോഗനാദത്തിലെ വിമര്‍ശനം.