
















മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന്‍ സുധീര്‍ ജോണ്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് വൈദികന്‍ സുധീര്‍ ജോണ്‍ പറഞ്ഞത്. ഗ്രാമത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി ലോനി എന്ന ഗ്രാമത്തില്‍ നിന്നുള്ള ആളുകളാണ് കാരണങ്ങളൊന്നുമില്ലാതെ പ്രശ്നമുണ്ടാക്കിയത്. പൊലീസിനെ കൂടി കൊണ്ടുവന്നതിനാല്‍ കൂടുതല്‍ അടികിട്ടാതെ രക്ഷപ്പെടാനായെന്ന് സുധീര്‍ ജോണ്‍ വ്യക്തമാക്കി.
'ഞങ്ങള്‍ മതപരിവര്‍ത്തനമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചെയ്യുന്ന ആളുകളല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബെര്‍ത്ത് ഡേ ആഘോഷിക്കാന്‍ വേണ്ടിയായിരുന്നു അന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. എല്ലാ പ്രാവശ്യവും ബെര്‍ത്ത് ഡേ ആഘോഷിക്കാന്‍ ഞങ്ങളെ അവര്‍ വിളിക്കാറുണ്ട്. അത്തരത്തില്‍ ആഘോഷത്തിന് പോയതായിരുന്നു അന്നും. പുറത്ത് ചെറിയ ഷെഡ് ഉണ്ടാക്കിയിരുന്നു അവിടെവച്ചാണ് ആഘോഷം നടത്തിയത്. ബെര്‍ത്ത് ഡേ കേക്ക് മുറിക്കുന്നതിനോടൊപ്പം കുറച്ച് ക്രിസ്മസ് പാട്ടുകള്‍ പാടിയിരുന്നു. അത് സ്വാഭാവികമാണല്ലോ.' സുധീര്‍ ജോണ്‍ പറഞ്ഞു.
'സ്ഥാന വസ്ത്രം ധരിച്ചു എന്നതായിരുന്നു പൊലീസിന്റെ ആരോപണം. എന്ന് മുതലാണ് രാജ്യത്ത് സ്ഥാന വസ്ത്രം വിലക്കപ്പെട്ടത് എന്ന് അറിയില്ല. ഇര എന്ന നിലയിലായിരുന്നു എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍. മാനുഷിക പരിഗണന പോലും ലഭിച്ചിരുന്നില്ല. ഞങ്ങളെ കാണാനായി സുഹൃത്തുക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് വന്നപ്പോള്‍ അവരെയും ഉപദ്രവിച്ചു. മറ്റൊരിടത്തും ഇത്രയും ഭീകരമായി ആക്രമിക്കപ്പെട്ടിട്ടില്ല. പക്ഷെ ആക്രമണ ശ്രമങ്ങളും ചെറിയ പ്രശ്നങ്ങളും പലയിടങ്ങളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്.' സുധീര്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു.
മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയുള്‍പ്പെടെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഷിംഗോഡിയിലാണ് സംഭവം. ഡിസംബര്‍ 30ന് രാത്രി എട്ടുമണിയോടെ പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസ് പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടെയാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഫാ. സുധീര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.