
















വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി മോഷണത്തിനെത്തിയ കള്ളന്‍ എക്‌സോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം. രാജസ്ഥാനിലെ കോട്ടയില്‍ സുഭാഷ് കുമാര്‍ റാവത്തിന്റെ വീട്ടിലാണ് നാടകീയമായ ഈ സംഭവങ്ങള്‍ അരങ്ങേറിയത്.
ജനുവരി 3-ന് സുഭാഷ് കുമാറും കുടുംബവും ഖാട്ടുശ്യാംജി സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് മോഷണശ്രമം നടന്നത്. പുലര്‍ച്ചെ ഒരു മണിയോടെ സുഭാഷിന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തി മുന്‍വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അടുക്കളയിലെ എക്‌സോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്ന ഇടുങ്ങിയ ദ്വാരത്തില്‍ പകുതി ശരീരം കുടുങ്ങിയ നിലയിലായിരുന്നു കള്ളന്‍. അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ഭിത്തിയിലെ ദ്വാരത്തില്‍ കുടുങ്ങിയത്.
കള്ളന്‍ കുടുങ്ങിയ വിവരം അറിഞ്ഞ് പരിസരവാസികള്‍ തടിച്ചുകൂടി. ഏകദേശം ഒരു മണിക്കൂറോളം ഈ അവസ്ഥയില്‍ തുടര്‍ന്ന ഇയാളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഏറെ പാടുപെട്ടാണ് ഇയാളെ പുറത്തെടുത്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ബഹളം കേട്ട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പിടിക്കപ്പെടാതിരിക്കാന്‍ പൊലീസ് സ്റ്റിക്കര്‍ പതിപ്പിച്ച കാറിലാണ് പ്രതികള്‍ എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ കൂട്ടുപ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതിക്ക് മറ്റ് മോഷണക്കേസുകളില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.