
















ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നീക്കം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡി ശേഖരിച്ചു. വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ മരവിപ്പിക്കും.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണപ്പാളികള്‍ ഉരുക്കി കടത്താന്‍ സഹായിച്ച സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, കടത്തിയ സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവര്‍ തമ്മിലുള്ള ഇടപാട് ആദ്യഘട്ടത്തില്‍ അന്വേഷിക്കും. ശനിയാഴ്ചയാണ് ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ കള്ളപ്പണ ഇടപാട് സ്ഥിരീകരിച്ച് ഇ ഡി കേസെടുത്തത്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ നടപടിയാണ് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളപ്പണം എവിടെ നിന്നാണ്, എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന ചോദ്യങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്യും.
റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ അടക്കം പ്രത്യേക അന്വേഷണ സംഘത്തിന്റെ പട്ടികയിലുള്ള മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി. ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇ ഡി കൊച്ചി യൂണിറ്റിലെ അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.