
















തൊടിയപ്പുലത്തെ 14 കാരിയുടെ കൊലപാതകം പ്രണയപ്പക മൂലമെന്ന് പൊലീസ്. അടുപ്പത്തിലായ പെണ്‍കുട്ടി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിലുള്ള വിരോധമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ആണ്‍ സുഹൃത്ത് മൊഴി നല്‍കി. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതകത്തിന് കാരണമായതായി പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്നലെയാണ് റെയില്‍വെ പുറംപോക്ക് ഭൂമിയില്‍ 14കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞത്. സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സ്‌കൂളിലും എത്തിയില്ല. വൈകുന്നേരം 6 മണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് വിളിച്ച് വീടിനടുത്തെത്തിയെന്നും പെട്ടെന്ന് വരാമെന്നും പെണ്‍കുട്ടി പറഞ്ഞു. പക്ഷേ രാത്രിയായിട്ടും അവള്‍ വീടെത്തിയില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ വച്ചായിരുന്നു അരുംകൊല. പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നും അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം