CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 10 Seconds Ago
Breaking Now

'ട്രെയിനില്‍ കയറി മടങ്ങി, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തില്‍ കൊന്നു';മൊഴി മാറ്റിപ്പറഞ്ഞ് 16കാരന്‍

പെണ്‍കുട്ടിയെ കാണാതായത് മുതല്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് 16കാരന്‍ നല്‍കികൊണ്ടിരിക്കുന്നത്.

കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകത്തില്‍ 16കാരന്റെ കൂടുതല്‍ മൊഴികള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപ്പെടുത്തിയതെന്ന് 16കാരന്‍ പറഞ്ഞു. തന്നെ വഞ്ചിക്കുന്നതായി തോന്നിയപ്പോള്‍ കൊലപ്പെടുത്തിയതെന്നാണ് ആണ്‍കുട്ടിയുടെ മൊഴി. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നും വിവരം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു 16കാരന്‍ നേരത്തെ മൊഴി നല്‍കിയത്.

പെണ്‍കുട്ടിയെ കാണാതായത് മുതല്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് 16കാരന്‍ നല്‍കികൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായ പരാതി വീട്ടുകാര്‍ നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച സ്‌കൂള്‍ ഗേറ്റുവരെ വിദ്യാര്‍ത്ഥിനി എത്തിയത് സിസിടിവി ദൃശ്യത്തിലൂടെ കണ്ടെത്തിയിരുന്നു. വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടി അമ്മയുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചു. താന്‍ ഇപ്പോള്‍ വരുമെന്ന് പറയുകയും ചെയ്തിരുന്നു.

ഈ ടവര്‍ ലൊക്കേഷന്‍ തൊടിയപ്പുലത്താണെന്ന് മനസിലാക്കിയ പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ തൊടിയപ്പുലത്ത് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് ആണ്‍സുഹൃത്തും ഇതേസമയം ഈ പരിസരത്ത് ഉണ്ടായിരുന്നുവെന്ന വിവരം നാട്ടുകാരില്‍ നിന്ന് ലഭിച്ചത്. അന്ന് തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വൈകീട്ട് ആറര വരെ പെണ്‍കുട്ടി കൂടെയുണ്ടായിരുന്നുവെന്നും ശേഷം ട്രെയിനില്‍ കയറി പോയെന്നുമായിരുന്നു ആണ്‍കുട്ടി ആദ്യം പറഞ്ഞ മൊഴി. പിന്നീട് രണ്ടുപേരും കൂടി ട്രെയിനില്‍ പോയി തൊടിയപ്പുലത്ത് നിന്ന് രണ്ട് വഴിക്ക് പിരിഞ്ഞെന്നുമുള്ള മൊഴി നല്‍കി.

തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടു ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചെന്ന് മൊഴി നല്‍കുകയും മൃതദേഹം ചൂണ്ടിക്കാട്ടി കൊടുക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് റെയില്‍വെ ട്രാക്കില്‍ നിന്നും ഉയര്‍ന്ന മേഖലയില്‍ നിന്നായത് പൊലീസില്‍ സംശയമുണ്ടാക്കിയിരുന്നു. മാത്രവുമല്ല, ശരീത്തില്‍ മുഴുവന്‍ മുറിവേറ്റ പാടുകളും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു. കുട്ടിയുടെ സ്‌കൂള്‍ ബാഗ് മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയിരുന്നു.

ഒടുവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആണ്‍കുട്ടി സമ്മതിക്കുകയായിരുന്നു. പല തവണ പല മൊഴികളാണ് ആണ്‍കുട്ടി നല്‍കി കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോളില്‍ സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു. കുട്ടിയുടെ കൈകള്‍ മുമ്പിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകി കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അതേസമയം പ്രതി ലഹരിക്ക് അടിമയാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇയാളുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും നേരത്തെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.