
















പത്തനംതിട്ട: യു കെ യിലെ സ്റ്റീവനേജില്‍ നിന്നും, ഭാര്യാമാതാവിന്റെ പ്രഥമ ചരമവാര്‍ഷീക പ്രാര്‍ത്ഥനയിലും, തിരുക്കര്‍മ്മങ്ങളിലും പങ്കുചേരുവാന്‍ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം ആകസ്മിക മരണം സംഭവിച്ച ജേക്കബ് ജോര്‍ജ്ജിന് ( ഷാജി) ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമവും, യാത്രാമൊഴിയുമേകി. ആംഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ് റവ ഡോ. നോബിള്‍ ഫിലിഫ് പ്രാര്‍ത്ഥന നേരുകയും, കുടുംബവുമായുള്ള വലിയ ബന്ധങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.
പത്തനംതിട്ട മാര്‍ത്തോമ്മാ പള്ളി വികാരി റവ. സജി തോമസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തിയ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ റവ.വി.റ്റി. ജോണ്‍, റവ. മഹേഷ് തോമസ് ചെറിയാന്‍, റവ. ഡോ. മാത്യു എം.തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി. എം. സക്കറിയ, റവ.ജോണ്‍ തോമസ് അടക്കം വൈദികര്‍ സഹകാര്‍മികരായി പങ്കുചേര്‍ന്നു.
യു കെ യിലെ സ്റ്റീവനേജില്‍ നിന്നും, പാരീഷ് അംഗമായിരുന്ന ലണ്ടന്‍ ഹോന്‍സ്ലോയിലെ സെന്റ് ജോണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, യുക്മ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ അടക്കം കൂടാതെ ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ അന്ത്യോപചാരങ്ങള്‍ നേരുവാനും, തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാനും എത്തിയിരുന്നു.
പരേതന്റെ ആത്മാര്‍ത്ഥതയുടെയും, സൗഹൃദത്തിന്റെയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും, ആത്മീയതയുടെയും അപദാനങ്ങള്‍ അനുസ്മരിച്ചു കൊണ്ട് നിരവധി ആളുകള്‍ നല്‍കിയ അനുശോചന സന്ദേശങ്ങള്‍ ഏവരെയും വികാരസാന്ദ്രമാക്കി.
കുടുംബാംഗങ്ങളെ ഏറെ വേദനയില്‍ ആഴ്ത്തിയ ആകസ്മിക മരണം ഉള്‍ക്കൊള്ളുവാനാവാതെ തളം കെട്ടിനിന്ന രോദനങ്ങളും, അണപൊട്ടിയ കണ്ണീര്‍ കണങ്ങളും അമീജിയോ ഭവനത്തെ ശോകമൂകമാക്കി. ജന്മനാടിനെ ഏറെ പ്രണയിച്ച ജേക്കബ്, വര്‍ഷത്തില്‍ നാലഞ്ചു തവണയെങ്കിലും നാട്ടില്‍ സന്ദര്‍ശനം നടത്തുമായിരുന്നു. ജന്മാനാട്ടില്‍ത്തന്നെ അവസാനം എത്തുവാനും, അവിടെ പ്രിയ മാതാപിക്കളും, സഹോദരനോടൊപ്പവും നിത്യ വിശ്രമം ഒരുക്കപ്പെട്ടതും, നാടും കുടുംബവുമായുള്ള ആത്മബന്ധത്തിന്റെ വേദന പകര്‍ന്ന നേര്‍ക്കാഴ്ച്ചയായി.
രാവിലെ ഏഴു മണിക്ക് ആരംഭിച്ച പൊതുദര്‍ശ്ശനം മുതല്‍ സ്വസതിയിലേക്കും, പള്ളിയിലേക്കും ഒഴുകിയെത്തിയ രാഷ്ട്രീയ-സാമൂഹ്യ-ആത്മീയ-പ്രവാസ മേഖലകളില്‍നിന്നുമുള്ള പ്രതിനിധികള്‍ അടക്കം വന്‍ ജനാവലിയാണ് ഷാജിയെ അവസാനമായി കാണുവാനും, അന്ത്യോപചാരം അര്‍പ്പിക്കുന്നതിനും, ആത്മാശാന്തി നേരുന്നതിനുമായി എത്തിയത്.
പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവന്‍ കുടുംബാംഗമായിരുന്നു പരേതന്‍. ഭാര്യ സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലിലെ നേഴ്‌സിങ് സ്റ്റാഫ്, സാരു ജേക്കബ്. സാരു കോന്നി, വകയാര്‍, പീടികയില്‍ കുടുംബാംഗമാണ്. ആഗി ആന്‍ ജേക്കബ്, മിഗി മറിയം ജേക്കബ്, നിഗ്ഗി സൂസന്‍ ജേക്കബ് എന്നിവര്‍ മക്കളും, അര്‍ജുന്‍ പാലത്തിങ്കല്‍ (സ്റ്റീവനേജ്) മരുമകനും അഷര്‍ കൊച്ചു മകനുമാണ്.
സര്‍ഗ്ഗം സ്റ്റീവനേജ്, ഹോന്‍സ്ലോ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ഐഒസി സ്റ്റീവനേജ് തുടങ്ങി നിരവധി സംഘടനകളും, സ്ഥാപനങ്ങളും, കുടുംബങ്ങളും, വ്യക്തികളും പരേതന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പത്തനംതിട്ട മാര്‍ത്തോമ്മാ പള്ളിയില്‍ അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ അര്‍പ്പിച്ച് പള്ളി സിമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌ക്കാരം നടത്തി.
Appachan Kannanchira