
















ഇന്‍ഗ്രിഡ് കൊടുങ്കാറ്റിന്റെ പ്രഭാവം അടുത്ത ആഴ്ചയും ബ്രിട്ടനില്‍ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ചേര്‍ന്നാണ് ദുരിതം വിതയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റ് ഇതിനകം ബ്രിട്ടനില്‍ 60 എംപിഎച്ച് വേഗത്തിലുള്ള കാറ്റിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ഒപ്പം വെള്ളപ്പൊക്ക അലേര്‍ട്ടുകളും, റെയില്‍ ലൈനുകള്‍ അടച്ചിടാനും കാരണമായിട്ടുണ്ട്.
സൗത്ത് വെസ്റ്റ് മേഖലയിലാണ് നാശം വിതയ്ക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കി. ഇതിനിടെ ഡിവോണിലെ ചരിത്രപരമായ പിയറിന്റെ ഒരു ഭാഗം ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയും, തിരമാലകളിലുമാണ് ഇത് അപ്രത്യക്ഷമായത്.
മഴ നിറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡില്‍ ഉടനീളം തുടരുകയും, അടുത്ത ആഴ്ചയിലേക്ക് കടക്കുകയും ചെയ്യും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സോമര്‍സെറ്റ്, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സൗത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലും വ്യത്യസ്ത മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. സൗത്ത് വെസ്റ്റിലെ ചില ഭാഗങ്ങളില്‍ 20 മുതല്‍ 40 എംഎം വരെ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ മഴ പെയ്തിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.