
















അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കടുത്ത സമ്മര്‍ദം നേരിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇഴയാന്‍ തുടങ്ങിയതോടെയാണ് ബാങ്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധിതമാകുന്നത്.
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ജിഡിപി കേവലം 0.1 ശതമാനം വളര്‍ച്ച നേടിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നത്. മൂന്നാം പാദത്തില്‍ 0.1 ശതമാനം മാത്രം വളര്‍ച്ച നേടിയ ശേഷമാണ് ഇത്.
അടുത്ത ഏതാനും യോഗങ്ങളില്‍ ഒരു കട്ടിംഗ് പ്രതീക്ഷിക്കാമെന്ന് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സാറാ ബ്രീഡെന്‍ സൂചിപ്പിച്ചു. ഇതോടെ 3.75 ശതമാനത്തില്‍ നിന്നും പലിശ നിരക്കുകള്‍ 3.5 ശതമാനത്തിലേക്ക് താഴാനുള്ള സാധ്യത 63 ശതമാനം ഉയര്‍ന്നതായി വിപണികള്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ 5-4 എന്ന വ്യത്യാസത്തിലാണ് പലിശ നിരക്കുകള്‍ നിലനിര്‍ത്താനുള്ള തീരുമാനം ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി കൈക്കൊണ്ടത്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ് അംഗങ്ങളെ ആശങ്കയിലാക്കുന്നത്.
ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ബ്രിട്ടന്‍ നേരിടുന്നത്. എന്നാല്‍ മറുഭാഗത്ത് വളര്‍ച്ച കുറയുന്നതും, തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതും ഗവണ്‍മെന്റിന് കടുത്ത ആശങ്കയാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ കണക്കുകള്‍ വലിയ വെല്ലുവിളിയാണ്. വളര്‍ച്ച സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്ത ബജറ്റുകള്‍ എതിര്‍ഫലം സൃഷ്ടിക്കുന്നത് അവര്‍ക്ക് നാണക്കേടാണ്.