
















അച്ചടക്കമുള്ള ക്യാബിനറ്റിനെ നയിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം. കീര്‍ സ്റ്റാര്‍മറുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയാണ്. മന്ത്രിമാര്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ഒന്ന് ഉറക്കെ ശകാരിക്കാന്‍ പോലും ശേഷിയില്ലാത്ത നിലയിലാണ് പ്രധാനമന്ത്രി. സ്വന്തം കസേര എപ്പോള്‍ വേണമെങ്കിലും തെറിക്കുമെന്ന നില വന്നാല്‍ ഇതല്ലാതെ മറ്റെന്ത് പോംവഴി!
ക്യാബിനറ്റ് വിമര്‍ശനം ഉയര്‍ന്നിട്ടും വെസ് സ്ട്രീറ്റിംഗിനെ രാജിവെപ്പിക്കാന്‍ ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് കരുത്തില്ലെന്ന് ഇദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ സമ്മതിക്കുന്നു. അച്ചടക്കം ലംഘിച്ച് പീറ്റര്‍ മണ്ടേല്‍സനുമായി നടത്തിയ സ്വകാര്യ ചാറ്റുകള്‍ ഹോം സെക്രട്ടറി പുറത്തുവിട്ടിരുന്നു.
എപ്സ്റ്റീന്‍ ബന്ധത്തില്‍ വിവാദത്തിലായ മണ്ടേല്‍സനുമായി തന്റെ ബന്ധം ഏത് വിധത്തിലായിരുന്നുവെന്ന് വ്യക്തമാക്കാനാണ് സ്ട്രീറ്റിംഗ് പരസ്യപ്പെടുത്തലിന് തയ്യാറായത്. തന്നെ ഇതിന്റെ പേരില്‍ ഒതുക്കാന്‍ ശ്രമിച്ച എതിരാളികള്‍ക്കുള്ള മറുപടിയെന്ന വിധത്തിലും നീക്കത്തെ വ്യാഖ്യാനിക്കുന്നുണ്ട്.
മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ച വിവാദമാണ് ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റിനെ പ്രതിസന്ധിയിലാക്കുന്നത്. അപ്പോയിന്റ്‌മെന്റ് നടത്തിയതില്‍ തെറ്റ് പറ്റിയെന്ന് സ്റ്റാര്‍മര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചീഫ് ഓഫ് സ്റ്റാഫാണ് രാജിവെച്ചത്.
അതേസമയം മന്ത്രിമാര്‍ മണ്ടേല്‍സനുമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിട്ട് അന്വേഷണം കുഴപ്പത്തിലാക്കരുതെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മുന്നറിയിപ്പ് നല്‍കി. സ്ട്രീറ്റിംഗ് നിര്‍ദ്ദേശം ലംഘിച്ചിട്ടും ഇതിനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ സ്റ്റാര്‍മര്‍ക്ക് സാധിക്കുന്നില്ല.