
















2026 തുടങ്ങിയ ശേഷം പതിവില്ലാത്ത കാലാവസ്ഥയാണ് ബ്രിട്ടന്‍ നേരിടുന്നത്. ഒന്നുകില്‍ മഴ അല്ലെങ്കില്‍ മഞ്ഞ്. അതും ചെറിയ തോതിലൊന്നുമല്ല ഇത് പെയ്തിറങ്ങുന്നത്. കൊടുങ്കാറ്റുകള്‍ വന്നുകയറി പോയതോടെ നദികള്‍ കരകവിഞ്ഞ് പല മേഖലകളിലും വെള്ളപ്പൊക്കവും നേരിട്ടിരുന്നു.
ഇപ്പോള്‍ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിനും, സ്‌കോട്ട്‌ലണ്ടിനുമാണ് മഞ്ഞുവീഴ്ചയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല് ഇഞ്ച് വരെ മഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ 20 മണിക്കൂര്‍ നേരത്തേക്ക് മഞ്ഞ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 
ഇന്ന് വൈകുന്നേരം 4 മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ ഐസ് പ്രതലങ്ങളും, യാത്രാ ദുരിതവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ആവശ്യപ്പെടുന്നു. മഞ്ഞിന് പുറമെ ആലിപ്പഴ വര്‍ഷവും, മഴയും നേരിടേണ്ടി വരും. വൈകുന്നേരത്തോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുത്തുറഞ്ഞ മഴ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെയോടെ താഴ്ന്ന പ്രദേശങ്ങളില്‍ ഇത് 2 സെന്റിമീറ്റര്‍ വരെ എത്തും.
മഞ്ഞുവീഴ്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ 5 മുതല്‍ 10 സെന്റിമീറ്റര്‍ വരെ എത്താം. ഐസ് പ്രതലങ്ങളില്‍ തെന്നിവീഴാനുള്ള സാധ്യത മുന്നില്‍കാണണമെന്നാണ് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. സൗത്ത് മേഖലയില്‍ വെള്ളിയാഴ്ചയോടെ മഞ്ഞും, മഴയും അകലുമെങ്കിലും രാത്രിയോടെ താപനില കുത്തനെ താഴാനുള്ള സാധ്യതയുണ്ട്. സ്‌കോട്ട്‌ലണ്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച 12 വരെയും മഞ്ഞ ജാഗ്രത നിലവിലുണ്ട്.
നോര്‍ത്ത് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ തണുപ്പിനുള്ള മഞ്ഞ ആരോഗ്യ അലേര്‍ട്ടാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ തിങ്കളാഴ്ച രാവിലെ 8 വരെ ഇത് നിലവിണ്ടാകും.