
















പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിങ് പുരി, പ്രഹ്ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാന്‍, അജയ് തംത, ഹര്‍ഷ് മല്‍ഹോത്ര, കമലേഷ് പസ്വാന്‍, ഡോ. ചന്ദ്രശേഖര്‍ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്നീത് സിംഗ്, ജോര്‍ജ് കുര്യന്‍ എന്നിവരും സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഉമ തോമസ് എംഎല്‍എ എന്നിവര്‍ക്കും കൊച്ചിയില്‍ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്.
മുന്‍ കേന്ദ്രസഹമന്ത്രി എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിര്‍മാണത്തിന്റെ നോഡല്‍ ഏജന്‍സി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്ന് വിമര്‍ശനമുയര്‍ന്നു.
ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സര്‍ക്കാര്‍ ബഹിഷ്‌കരിക്കും. വിഷയത്തില്‍ കടുത്ത അതൃപ്തിയുള്ളതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളാരും തന്നെ പരിപാടിയില്‍ പങ്കെടുക്കില്ല.
ദേശീയപാതാ ഉദ്ഘാടനത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ദേശീയപാത നിര്‍മാണത്തില്‍ എല്ലാ നിലയിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതാണ്. ഇന്ത്യയില്‍ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് എന്‍എച്ച് 66നാണ്. 5600 കോടിയാണ് ചെലവഴിച്ചത്. കടമെടുപ്പ് പരിധിയില്‍ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ 12000 കോടിക്ക് തുല്യമായി. എല്ലാ റീച്ചുകളുടെയും റിവ്യൂ യോഗങ്ങള്‍ കൃത്യമായി നടത്തിയിരുന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിതന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.