
















2030 ആകുമ്പോള്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന പത്തില്‍ നാല് പുതിയ വീടുകളും കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ ആവശ്യം വരുമെന്ന് കണക്കുകള്‍. ലേബര്‍ ഇപ്പോഴും അതിര്‍ത്തികള്‍ തുറന്നുവെച്ചതിന്റെ പ്രത്യാഘാതമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ഈ റിപ്പോര്‍ട്ട് ആയുധമാക്കി ടോറികള്‍ പ്രതികരിച്ചു.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ ഏറ്റവും പുതിയ ഇക്കണോമിക് & ഫിസ്‌കല്‍ ഔട്ട്‌ലുക്ക് പരിശോധിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി റിസേര്‍ച്ചാണ് കുടിയേറ്റം ബ്രിട്ടന്റെ ഹൗസിംഗ് സ്റ്റോക്കില്‍ വരുത്തുന്ന സമ്മര്‍ദത്തിന്റെ തോത് വ്യക്തമാക്കുന്നത്.
2026 മുതല്‍ 2030 വരെ നെറ്റ് മൈഗ്രേഷന്‍ 1,172,792 എന്ന നിലയിലാകുമെന്നാണ് സാമ്പത്തിക വാച്ച്‌ഡോഗ് പ്രതീക്ഷിക്കുന്നത്. ശരാശരി കുടുംബങ്ങളുടെ വലുപ്പം പരിഗണിച്ചാല്‍ ഇത്രയും പേരെ പാര്‍പ്പിക്കാന്‍ ഏകദേശം 499,000 അധിക ഭവനങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. അതേസമയം ഈ കാലയളവില്‍ ബ്രിട്ടന്‍ 1.34 മില്ല്യണ്‍ പുതിയ വീടുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇത് പ്രകാരം പുതിയ വീടുകളില്‍ 37.1 ശതമാനവും അടുത്ത അഞ്ച് വര്‍ഷത്തില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി നല്‍കേണ്ടി വരും. 2030 ആകുമ്പോള്‍ ഇത് 39.1 ശതമാനമായി ഉയരും. ഡിമാന്‍ഡ് വര്‍ദ്ധിക്കുമ്പോള്‍ ഭവനവിലയെ ഇത് സ്വാധീനിക്കുമെന്ന് ഗവണ്‍മെന്റ് ഡാറ്റ പറയുന്നു.
ഉയര്‍ന്ന കുടിയേറ്റം വാടക, ഭവനവില എന്നിവയെ സ്വാധീനിക്കുന്നതിന് പുറമെ പുതിയ വീടുകള്‍ ആര്‍ക്ക് കിട്ടുമെന്നതിനെയും തീരുമാനിക്കുമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞു. അതേസമയം 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ എല്ലാ പരിശ്രമവും നടക്കുന്നതായി ഗവണ്‍മെന്റ് വക്താവ് പ്രതികരിച്ചു. കൂടാതെ ബ്രിട്ടന്റെ സെറ്റില്‍മെന്റ് മോഡല്‍ 50 വര്‍ഷത്തിനിടെ ആദ്യമായി പരിഷ്‌കരിക്കുമ്പോള്‍ നെറ്റ് മൈഗ്രേഷന്‍ 70 ശതമാനത്തോളം താഴ്ന്നിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.