
















ഇറാനെതിരെ നടക്കുന്ന യുഎസ്, ഇസ്രയേല്‍ അക്രമണങ്ങള്‍ അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഇത് സംബന്ധിച്ച 15 ഇന ആവശ്യങ്ങളാണ് സമാധാനത്തിനായി ഇറാന് അയച്ചിരിക്കുന്നത്. ആണവ ശക്തിയായി മാറാനുള്ള സ്വപ്‌നം മറക്കാനും, മേഖലയിലെ ഭീകരവാദ സംഘങ്ങള്‍ക്ക് പണവും, ആയുധവും ഒഴുക്കി പിന്തുണ നല്‍കുന്ന പിന്‍വാതില്‍ പരിപാടി അവസാനിപ്പിക്കുകയും വേണമെന്ന് സമാധാന പദ്ധതിയില്‍ ആവശ്യപ്പെടുന്നു.
പ്രസിഡന്റിന്റെ പ്രതിനിധികളായി ജെയേഡ് കുഷ്‌നറും, സ്റ്റീവ് വിട്‌കോഫും പദ്ധതിയുടെ ഔട്ട്‌ലൈന്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപിന്റെ പദ്ധതി ഇറാന്‍ അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് കാണണം. യുദ്ധം നിര്‍ത്താന്‍ മനസ്സ് കാണിച്ചപ്പോഴെല്ലാം വെല്ലുവിളിക്കുന്ന സമീപനമാണ് ഇറാന്‍ അധികാരികള്‍ തുടരുന്നത്. ഈ സമീപനം തുടര്‍ന്നാല്‍ യുദ്ധം നീളുകയും ചെയ്യും. 
15 ഇന പദ്ധതി പ്രകാരം ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും, ഇതിനൊപ്പം ചര്‍ച്ചകള്‍ നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ട്രംപിന്റെ ഗാസാ കരാര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പദ്ധതിയുടെ ഭാഗമായി ഇറാന്‍ തങ്ങളുടെ ആണവ, ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങള്‍ ഒഴിവാക്കുകയും, ഹോര്‍മുസ് കടലിടുക്ക് തുറന്നിടുകയും വേണം. കൂടാതെ ഭീകരവാദ ഗ്രൂപ്പുകളായ ഹമാസും, ഹിസ്ബുള്ളയും പോലുള്ളവര്‍ക്കൊപ്പമുള്ള ബന്ധം അവസാനിപ്പിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം സിവിലിയന്‍ ന്യൂക്ലിയര്‍ പ്രോഗ്രാമിന് യുഎസ് പിന്തുണ ലഭ്യമാക്കാനുമെന്ന് പദ്ധതി പറയുന്നു. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും പിന്‍വലിക്കുമെന്ന വമ്പന്‍ ഓഫറും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.
യുഎസിന് ഇറാന്റെ വക വമ്പന്‍ സമ്മാനം ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. എന്താണ് സമ്മാനമെന്ന് ഇപ്പോള്‍ പറയാനില്ലെന്നും, വലിയ തോതില്‍ മൂല്യമുള്ള പ്രധാനപ്പെട്ട ഒന്നാണെന്നുമാണ് ട്രംപ് പറയുന്നത്.