
















2019-ന് ശേഷം ആദ്യമായി എന്‍എച്ച്എസിന് മേലുള്ള പൊതുജനങ്ങളുടെ സംതൃപ്തി വര്‍ദ്ധിച്ചു. അതേസമയം ജിപി, എ&ഇ, ഹോസ്പിറ്റല്‍ കെയര്‍ എന്നിവയ്ക്കായി ഇപ്പോഴും തുടരുന്ന സുദീര്‍ഘമായ കാത്തിരിപ്പില്‍ ജനങ്ങള്‍ രോഷാകുലരാണ്.
എന്‍എച്ച്എസ് നടത്തിപ്പില്‍ ബ്രിട്ടനിലെ വോട്ടര്‍മാര്‍ പുലര്‍ത്തുന്ന സംതൃപ്തി കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് താഴ്ചയായ 21 ശതമാനത്തില്‍ നിന്നും 26 ശതമാനത്തിലേക്കാണ് കരകയറിയത്. കൂടാതെ ഹെല്‍ത്ത് സര്‍വ്വീസിലുള്ള അസംതൃപ്തിയില്‍ 8% കുറവും വന്നിട്ടും. 51% അസംതൃപ്തിയുമായി ഇപ്പോഴും റെക്കോര്‍ഡ് തോതിലാണെങ്കിലും എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാണ്.
പുതിയ കണ്ടെത്തലുകള്‍ എന്‍എച്ച്എസ് കൈവരിക്കുന്ന പുരോഗതിയുടെ തെളിവുകളായി ഉയര്‍ത്തിക്കാണിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. 2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ തകര്‍ന്ന് കിടന്ന എന്‍എച്ച്എസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 
എന്‍എച്ച്എസില്‍ മോശം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളെ ശരിയാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് സേവനങ്ങളില്‍ ജനങ്ങള്‍ക്ക് തൃപ്തി വര്‍ദ്ധിക്കുന്നതായി കണക്ക് വരുന്നത്. മോശം ഹെല്‍ത്ത് ട്രസ്റ്റുകളുടെ മേധാവികളെ പുറത്താക്കി പകരം മുതിര്‍ന്ന മേധാവികളെ നിയോഗിക്കാനും, പരാജയപ്പെടുന്ന ട്രസ്റ്റുകളെ വിജയിച്ച ട്രസ്റ്റുകള്‍ക്കൊപ്പം ലയിപ്പിക്കാനുമാണ് നീക്കം.
എന്നാല്‍ ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വ്വെയിലെ കണ്ടെത്തലുകള്‍ പരിഷ്‌കരണങ്ങളുടെ വിജയമായി കാണാനാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ലേബര്‍ അധികാരത്തിലിരുന്ന 21 മാസത്തിനിടെ വളരെ ചെറിയ മെച്ചപ്പെടലുകളാണ് എന്‍എച്ച്എസ് പ്രകടനത്തില്‍ ഉണ്ടായിട്ടുള്ളതെന്നും, ജനങ്ങള്‍ വളരെ വളരെ നിരാശയിലാണെന്നും കിംഗ്‌സ് ഫണ്ട് & നഫീല്‍ഡ് ട്രസ്റ്റ് ഹെല്‍ത്ത് ബുദ്ധികേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചു.