
















ബ്രിട്ടനില്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടുന്ന വിദേശികളെയും, അപേക്ഷകള്‍ പരാജയപ്പെട്ട അഭയാര്‍ത്ഥികളെയും വേഗത്തില്‍ നാടുകടത്താനുള്ള പദ്ധതിയുമായി ഹോം സെക്രട്ടറി. മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗപ്പെടുത്തി നാടുകടത്തല്‍ തടയുന്നത് ഒഴിവാക്കാനായി അപ്പീല്‍ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ഈ നാടുകടത്തല്‍ പൂര്‍ത്തിയാക്കാനാണ് ഷബാന മഹ്മൂദിന്റെ നീക്കം.
അഭയാര്‍ത്ഥി അപേക്ഷകള്‍ തള്ളിയാല്‍ ഇവരെ നീക്കം ചെയ്യുകയും, സ്വന്തം നാട്ടില്‍ എത്തിയ ശേഷം മാത്രം അപ്പീല്‍ നല്‍കാനുമുള്ള പദ്ധതിയാണ് ഹോം സെക്രട്ടറി തയ്യാറാക്കുന്നത്. അപേക്ഷ തള്ളിയ അഭയാര്‍ത്ഥികളുടെ അപ്പീല്‍ ബാക്ക്‌ലോഗ് 100,000 കടന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് പദ്ധതികള്‍ കടുപ്പമാക്കുന്നത്. ഇവരില്‍ പലരെയും നികുതിദായകരുടെ ചെലവില്‍ ഹോട്ടലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അഭയാര്‍ത്ഥിത്വം പരാജയപ്പെട്ടാല്‍ ഇന്ത്യ ഉള്‍പ്പെടെ സുരക്ഷിത രാജ്യങ്ങളിലേക്കാണ് ഇവരെ നാടുകടത്തുക. ഇന്ത്യക്ക് പുറമെ ബ്രസീല്‍, നൈജീരിയ, കെനിയ, ഘാന, അല്‍ബേനിയ, ഉക്രെയിന്‍ തുടങ്ങിയ 25 രാജ്യങ്ങളും സുരക്ഷിത പട്ടികയിലുണ്ട്.
അതേസമയം ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ മുന്‍ ഉപപ്രധാനമന്ത്രിയും, ലേബര്‍ നേതൃപദവി മോഹിയുമായ ആഞ്ചെല റെയ്‌നര്‍ രംഗത്തുണ്ട്. ഏകദേശം 50 ലേബര്‍ എംപിമാര്‍ ഷബാന മഹ്മൂദിന്റെ കടുത്ത നയങ്ങള്‍ക്കെതിരെ വിമതഭീഷണി മുഴക്കുന്നു.
എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന രാജ്യത്തെ ജനങ്ങളുടെ നികുതിപണം വിദേശ ക്രിമിനലുകളെയും, അഭയാര്‍ത്ഥിത്വം പരാജയപ്പെട്ടവരെയും തീറ്റിപ്പോറ്റാന്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്ന് അഭയാര്‍ത്ഥി മന്ത്രി അലക്‌സ് നോറിസ് ചൂണ്ടിക്കാണിച്ചു.