
















വൂസ്റ്റര്‍: വെസ്റ്റ് മിഡ്‌ലാന്‍ഡിലെ വൂസ്റ്റര്‍ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധി കലാപ്രതിഭകളുടെ നൃത്തവും സംഗീതവും സമന്വയിപ്പിച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം പങ്കെടുത്ത എല്ലാവര്‍ക്കും അവിസ്മരണീയവും മനോഹരവുമായൊരു ദൃശ്യവിരുന്നായി മാറി. പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വൂസ്റ്റര്‍ പീപ്പിള്‍ട്ടണ്‍ ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാംഗവും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റുമായ ശ്രീ സി എ ജോസഫ് നിര്‍വ്വഹിച്ചു. വൂസ്റ്റര്‍ ഫാമിലി ക്ലബ്ബ് പ്രസിഡന്റ് ശ്രീ ജോബിള്‍ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബിന്‍ കെ ജോയ് സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം റോബിന്‍ കരുണാകരന്‍ നന്ദിയും പറഞ്ഞു.

വൂസ്റ്റര്‍ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന 'എന്റെ മലയാളം' സ്‌കൂളില്‍ 100% അറ്റന്‍ഡന്‍സ് കരസ്ഥമാക്കി പഠിക്കുന്ന കുട്ടികളായ ജോസഫ് ബിബിന്‍, തീര്‍ത്ഥ്വ അനീഷ്,അമേയ അജേഷ്, ആരവ് അജേഷ്, ആലിയ ബിന്‍സ് എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. വൂസ്റ്റര്‍ ഫാമിലി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും ഫാമിലി ക്ലബ്ബുകള്‍ പോലെയുള്ള കൂട്ടായ്മകള്‍ പുതിയ തലമുറയ്ക്ക് തടസ്സം വരാതെ പഴയ തലമുറയില്‍പ്പെട്ട കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി യുകെയിലുടനീളം വളര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും സിഎ ജോസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. മലയാളഭാഷ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാനുള്ള ഫാമിലി ക്ലബ്ബിന്റെ വലിയ ഉദ്യമത്തിന്റെ തെളിവാണ് ഒരു വര്‍ഷത്തിലധികമായി നടന്നുവരുന്ന 'എന്റെ മലയാളം' സ്‌കൂളിലെ നിരവധി കുട്ടികള്‍ 100% ഹാജര്‍ കരസ്ഥമാക്കി പഠിക്കുന്നതും, അവര്‍ക്ക് നല്‍കിയ അംഗീകാരങ്ങള്‍ ഏവര്‍ക്കും മാതൃകാപരമാണെന്നും സിഎ ജോസഫ് അഭിപ്രായപ്പെട്ടു.

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീ സി എ ജോസഫിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്ന നിലയില്‍ ഫാമിലി ക്ലബ് പ്രസിഡണ്ട് ശ്രീ ജോബിള്‍ ജോസും എന്റെ മലയാളം സ്‌കൂള്‍ പ്രധാന അധ്യാപിക രമ്യ അനീഷും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചും, വൈസ് പ്രസിഡന്റ് ശ്രീ സിനോജ് സെബാസ്റ്റ്യന്‍ ഉപഹാരം നല്‍കിയും ആദരിക്കുകയുണ്ടായി.

തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ കാണികള്‍ക്ക് കണ്ണിനും കാതിനും നവ്യാനുഭവം പകര്‍ന്നു നല്‍കുന്നവയായിരുന്നു. വൂസ്റ്ററിലെ അറിയപ്പെടുന്ന ഗായകരായ സെബാസ്റ്റ്യന്‍, അജിത് തുടങ്ങിയവരും നര്‍ത്തകരായ മിട്ടു അഭിലാഷ്, മഞ്ജുഷ ബിന്‍സ്, ജിനു അനൂപ് എന്നിവരും ചേര്‍ന്നവതരിപ്പിച്ച നൃത്തങ്ങളും അബിത സുബിന്റെ നേതൃത്വത്തില്‍ അല്‍ഫോന്‍സാ ഫ്രാന്‍സിസും, അനു സെബാസ്റ്റ്യനും ചേര്‍ന്നവതരിപ്പിച്ച മാഷ് അപ്പും അത്യാപൂര്‍വ്വമായ കലാപ്രകടനത്തിന്റെ നേര്‍സാക്ഷ്യമായി മാറി. ഫാമിലി ക്ലബ്ബിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടുകളും കണ്ണിന് കുളിര്‍മയേകി.

അവതാരകയായി എത്തിയ സവിത ആര്‍ രാജേഷ് ആഘോഷ പരിപാടികളുടെ വിജയത്തിന് വലിയ സംഭാവനയാണ് നല്‍കിയത്. ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പായസവും പങ്കെടുത്തവര്‍ക്കെല്ലാം നാടിന്റെ രുചിയും ഓര്‍മ്മകളും സമ്മാനിച്ചു.

മിട്ടു അഭിലാഷ് നേതൃത്വം നല്‍കിയ ഫാമിലി ബിംഗോയും ആഘോഷത്തിന്റെ വേറിട്ട ആകര്‍ഷണമായി മാറി. ഓരോ കുടുംബവും ആവേശത്തോടെ പങ്കെടുത്ത മത്സരത്തില്‍ വിജയികള്‍ക്ക് ശ്രി സി എ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ വൂസ്റ്റര്‍ ഫാമിലി ക്ലബ്ബിന്റെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്ക് ഷിബിന്‍ മാത്യു,സാജു മാത്യു, ജോണ്‍ ബാബു, അനീഷ് കുമാര്‍,ബിന്‍സ് ജോര്‍ജ്, വിപിന്‍ കെ എം എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ വൂസ്റ്ററിലെ മലയാളി സംരംഭമായ പട്ടുനൂലിന്റെ ഇന്ത്യന്‍ വസ്തങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ടായിരുന്നു.

ബിബിന്‍ കെ ജോയ്.