CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 58 Seconds Ago
Breaking Now

യു കെയിലെ യുഡിഎഫ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വ്യാജപ്രചാരണങ്ങള്‍: ഐഒസി (യുകെ) കേരള ചാപ്റ്റര്‍ പ്രതിഷേധം രേഖപ്പെടുത്തി

യുകെയിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ ഐക്യത്തെ തകര്‍ക്കുക എന്ന ദുഷ്‌പ്രേരണയോടെ ചില സോഷ്യല്‍ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രവണതകള്‍ ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്നും അത്യന്തം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയുണ്ടെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും യുഡിഎഫ് പ്രവര്‍ത്തകരെ നേതൃവ്യത്യാസങ്ങളുടെ പേരില്‍ വിഭജിക്കാനുള്ള കുപ്രയത്നങ്ങളും നടക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. യാഥാര്‍ത്ഥ്യത്തില്‍, യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചും ദൃഢമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

ചില ഇടതുപക്ഷ അനുകൂലികള്‍ രാഷ്ട്രീയ ലാഭത്തിനായി നിഗൂഢ അജണ്ടകളോടെ ബോധപൂര്‍വ്വം ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്നതായി അവര്‍ ആരോപിച്ചു. സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും യുഡിഎഫിന്റെ ഐക്യം ദുര്‍ബലപ്പെടുത്താനുമുള്ള ഈ നീക്കങ്ങള്‍ ശക്തമായി ചെറുക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കപ്പെടേണ്ട സമയത്ത്, അവയെ ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അതീവ ആശങ്കാജനകമാണെന്നും എല്ലാ പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും അവര്‍ അഭ്യര്‍ത്ഥിച്ചു-സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വിശ്വസിക്കാതെയും പങ്കുവെക്കാതെയും ജാഗ്രത പാലിക്കണമെന്നും, ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് ശേഷം പോലും പരാജയഭീതിയില്‍ നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം. യുഡിഎഫ് പ്രവര്‍ത്തകരുടെ ഐക്യവും പ്രതിബദ്ധതയും ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണരൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത നേതൃത്വത്തിന്റെ മാര്‍ഗ്ഗനിര്‍ദേശപ്രകാരം ജനാധിപത്യ രീതിയില്‍ മുന്നോട്ട് പോകുന്നതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.