CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 56 Seconds Ago
Breaking Now

മാനസികമായി തകര്‍ന്നു, ആത്മഹത്യയുടെ വക്കിലെത്തി ; ആരോപണവുമായി നടി അനുഗ്രഹ

ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് 'റിസോര്‍ട്ടി'ലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂര്‍ത്തിക്കും നിര്‍മാണക്കമ്പനിയായ ഗ്ലോബല്‍ വില്ലേജേഴ്സിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ് നമ്പ്യാര്‍. ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെന്നും കരാര്‍ പ്രകാരം പ്രതിഫലം നല്‍കിയില്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വെളിപ്പെടുത്തി.

നിര്‍മാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് താന്‍ മാനസികമായി തകര്‍ന്നെന്നും ആത്മഹത്യയുടെ വക്കിലെത്തി എന്നും നടി വീഡിയോയിലൂടെ കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികള്‍ നേരിട്ടു. തന്നെ അവഹേളിക്കുന്ന രീതിയില്‍ വിജയ് കുമാറും ഭാര്യയും സംസാരിച്ചുവെന്നും നടി ആരോപിച്ചു. 'ഒരു വര്‍ഷത്തേക്ക് അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴ് മാസമായി തുടരുന്ന പ്രശ്നങ്ങള്‍ കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ കൂടുതല്‍ വഷളായി. മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അനുമതി ചോദിച്ചാല്‍ കരാര്‍ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോഹോട്ട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി', അനുഗ്രഹ പറഞ്ഞു.

തനിക്ക് അസുഖം ബാധിച്ച് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍, അക്കാര്യം അറിയിച്ച സുഹൃത്തിനോട് 'അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കില്‍ വന്ന് വേഷം ചെയ്യാന്‍ പറയൂ', എന്ന് വിജയ് കുമാറിന്റെ ഭാര്യ പറഞ്ഞുവെന്ന് നടി ആരോപിച്ചു. നേരിട്ട മാനസിക പീഡനങ്ങള്‍ മൂലം തനിക്ക് അപസ്മാരമുണ്ടായി. ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. സംഭവങ്ങള്‍ തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളര്‍ത്തിയെന്നും നടി വിഡിയോയില്‍ വെളിപ്പെടുത്തി.

'എന്റെ പരിധി കഴിഞ്ഞു, എനിക്ക് ഇനി മിണ്ടാതിരിക്കാന്‍ കഴിയില്ല. അവരുടെ പ്രവൃത്തികള്‍ക്കും വാക്കുകള്‍ക്കും അവര്‍ തന്നെയാണ് ഉത്തരവാദികള്‍, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല. ഇതുപോലെയുള്ള ചില ആളുകള്‍ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കുമെന്ന് ആളുകള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു', അനുഗ്രഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.