
















യുവാക്കള്‍ ഇപ്പോള്‍ മുഴുവന്‍ സമയവും സ്മാര്‍ട്ട്‌ഫോണിലാണ്. അതാണ് അവരുടെ ലോകം. തങ്ങളുടെ ചുറ്റുമുള്ള വിഷയങ്ങളൊന്നും അവരെ ബാധിക്കുന്നില്ല. സോഷ്യല്‍ മീഡിയ സൈറ്റുകളിലെ അല്‍ഗോരിതങ്ങളില്‍ പെട്ട് അവര്‍ ജീവിതം പാഴാക്കുന്നു. എല്ലാം പോസിറ്റീവാണെന്ന് പറയുന്ന ഫോണ്‍ ജീവിതം യഥാര്‍ത്ഥത്തില്‍ മാനസിക ആരോഗ്യത്തെയും, ശ്രദ്ധയെയും പോലും സാരമായി ബാധിക്കുന്നുണ്ട്.
ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയ യുവതലമുറയുടെ അഭിരുചിക്കൊപ്പം ബ്രിട്ടനും മാറേണ്ടി വരുമെന്നാണ് ഒരു മുന്‍ മന്ത്രിയുടെ മുന്നറിയിപ്പ്. ഇതിന് സാധിച്ചില്ലെങ്കില്‍ രാജ്യം സാമ്പത്തിക ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അലന്‍ മില്‍ബേണ്‍ ചൂണ്ടിക്കാണിച്ചു. 16 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ള ഒരു മില്ല്യണോളം യുവാക്കള്‍ ജോലി, പഠനം, ട്രെയിനിംഗ് എന്നിവ ഇല്ലാതെ വിട്ടുനില്‍ക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ടാണ് ഈ വിഷയത്തില്‍ വെളിച്ചം വീശുന്നത്.
മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, വിഷാദം, ന്യൂറോഡൈവേഴ്‌സിറ്റി പോലുളള വിഷയങ്ങള്‍ സാമ്പത്തിക നടപടികളില്‍ നിന്നും പിന്‍വാങ്ങുന്ന നിലയിലേക്കാണ് യുവാക്കളെ കൊണ്ടെത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു തലമുറയെ വെറുതെ ഇരിക്കുന്നവരെന്ന പേരില്‍ എഴുതിത്തള്ളുന്നത് അപകടമാണെന്നും മില്‍ബേണ്‍ പറഞ്ഞു.
സ്മാര്‍ട്ട്‌ഫോണുകളും, സോഷ്യല്‍ മീഡിയയും ഉറക്കമില്ലാത്ത, ശ്രദ്ധയില്ലാത്ത ഒരു 'ബെഡ്‌റൂം തലമുറയെ' സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. 12, 13 വയസ്സുകാരില്‍ ഭൂരിഭാഗവും അര്‍ദ്ധരാത്രിയും, വെളുപ്പിന് 3'നും ഇടയിലാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഫോണാണ് ഇതിന് കാരണം, റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ലോകത്ത് റീവയര്‍ ചെയ്യപ്പെട്ട കുട്ടികള്‍ ആശയവിനിമയം നടത്തുന്നതിലും, ബന്ധങ്ങളിലും, സ്‌ട്രെസ് കൈകാര്യം ചെയ്യുന്നതിലും മാറിയിട്ടുണ്ട്. ജോലി ചെയ്യാത്തത് കൊണ്ട് തന്നെ ഉത്കണ്ഠയും, വിഷാദവും കൂടുതലുമാണ്, റിപ്പോര്‍ട്ട് പറഞ്ഞു.