
















യുകെയിലെ പാകിസ്ഥാനി വംശജര്‍ ഉള്‍പ്പെടുന്ന ഗ്രൂമിംഗ് സംഘങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പാര്‍ലമെന്റില്‍ പ്രസംഗിച്ച് എംപി റുപെര്‍ട്ട് ലോവ്. അതിജീവിതരുടെ വിവരണങ്ങള്‍ വായിച്ചാണ് വിഷയം എംപി അവതരിപ്പിച്ചത്. ബലാത്സംഗ ഗ്യാംഗുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഹിയറിംഗില്‍ ലഭിച്ച വിവരങ്ങള്‍ ലോകം കേള്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ധൈര്യപൂര്‍വ്വം തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തിയവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് ഇനിയെങ്കിലും നടപടിക്ക് തയ്യാറാകണമെന്നും ലോവ് എംപിമാരോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കുകയും, അക്രമിക്കുകയും ചെയ്ത സംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ഉള്‍പ്പെടെ എംപി വിശദീകരിച്ചു. ഹെല്‍ത്ത്‌കെയര്‍ ജോലിക്കാരും, മറ്റ് അധികാരികളും കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയമായെന്നും വ്യക്തമായിരുന്നു.
റുപര്‍ട്ട് ലോവ് നേതൃത്വം നല്‍കിയ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ മുന്‍പാകെ അതിജീവിതര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കിയത്. യുകെയിലെ 85 ഇടങ്ങളിലെങ്കിലും സംഘടിതമായി 'കുട്ടികളെ ലൈംഗിക ചൂഷണത്തിന്' ഇരയാക്കുന്നതായുള്ള വിവരങ്ങളാണ് ലഭിച്ചത്.
പ്രധാനമായും പാകിസ്ഥാനി വംശജര്‍ ഉള്‍പ്പെട്ട ബലാത്സംഗ സംഘങ്ങളുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും ഭീതി ഉയര്‍ത്തുന്നതും, വ്യാപകവുമാണെന്ന് ലോവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഭീകരമായ കൂട്ടബലാത്സംഗങ്ങള്‍ക്ക് വരെ കുട്ടികളെ ഇരയാക്കിയതിന്റെ വിവരങ്ങള്‍ ലോവ് പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ക്രിസ്തീയ വിശ്വാസത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ മോശക്കാരാണെന്നും, മുസ്ലീം പെണ്‍കുട്ടികള്‍ അന്തസ്സുള്ളവരാണെന്നും ബോധ്യപ്പെടുത്തി ഇരകളെ നിയന്ത്രിച്ച് നിര്‍ത്താനും, അക്രമിക്കാനും കുറ്റവാളികള്‍ തയ്യാറായി. കുരിശ് അണിഞ്ഞിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമ്പോള്‍ 'നിന്റെ ദൈവം ഇപ്പോള്‍ എവിടെ, നിന്നെ ഉപേക്ഷിച്ചോ' എന്ന് ചോദിച്ച് പരിഹസിച്ചെന്നും ഒരു ഇര വെളിപ്പെടുത്തി.