
















വീട് വാങ്ങാന്‍ വാക്ക് പറഞ്ഞുറപ്പിച്ച ശേഷം പിന്‍വാങ്ങുന്നവരെ ശിക്ഷിക്കാനുള്ള നിയമവുമായി ലേബര്‍ ഗവണ്‍മെന്റ്. ബ്രിട്ടനിലെ ഭവനവിപണിയെ സാരമായി ബാധിക്കാന്‍ പോകുന്ന നിയമനിര്‍മ്മാണത്തെ കുറിച്ചാണ് ഗവണ്‍മെന്റ് ആലോചന തുടങ്ങിയിരിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞ് വീട് വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുന്നവര്‍ക്ക് ഫൈന്‍ അടിക്കാനാണ് നീക്കം.
പ്രോപ്പര്‍ട്ടി പര്‍ച്ചേസ് പരിഷ്‌കാരങ്ങളിലെ സുപ്രധാന മാറ്റമാകും ഇത്. നിലവില്‍ വീട് വാങ്ങുന്നവര്‍ക്കും, വില്‍ക്കുന്നവര്‍ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ ഇല്ലാതെ തന്നെ ഇടപാടില്‍ നിന്നും പിന്‍വാങ്ങാന്‍ സാധിക്കും. കരാറുകള്‍ കൈമാറുന്നത് വരെയും, ചിലപ്പോള്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും ഈ പിന്‍വാങ്ങല്‍ നടക്കും.
നിലവില്‍ നാലിലൊന്ന് വില്‍പ്പനകള്‍ ഈ വിധത്തില്‍ ഒഴിഞ്ഞ് പോകുന്നതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല പറയുന്നു. ഒരു പ്രോപ്പര്‍ട്ടിയില്‍ ഓഫര്‍ നല്‍കുന്നതും, കൈമാറ്റം നടക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ 134 ദിവസമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.
അവസാന ഘട്ടത്തില്‍ വില്‍പ്പന നടക്കാതെ പോയാല്‍ ലീഗല്‍ ഫീസായി നല്‍കിയ തുക നല്‍കാന്‍ ഇരുപാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. സര്‍വ്വെ, സാധനങ്ങള്‍ മാറ്റല്‍ പോലുള്ളവയ്ക്ക് പണം ചെലവാക്കിയാലും ഇത് പൂര്‍ണ്ണമായി റീഫണ്ട് ചെയ്യാറുമില്ല. ഈ സാഹചര്യത്തിലാണ് മാസങ്ങള്‍ നീണ്ട വിലപേശല്‍ കഴിഞ്ഞ് കൃത്യമായ കാരണമില്ലാതെ ഇടപാടില്‍ നിന്നും വലിയുന്ന ആളുകളെ കുരുക്കാന്‍ ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് വകുപ്പ് നിയമം കൊണ്ടുവരുന്നത്.
ഓഫര്‍ സ്വീകരിക്കുന്നത് മുതല്‍ വീട് വാങ്ങുന്നവരെ കരാറിന്റെ ഭാഗമാക്കുകയും, ഇത് ലംഘിച്ചാല്‍ ഫൈന്‍ ഈടാക്കാനുമാണ് നീക്കം. എന്നാല്‍ ഈ പാര്‍ലമെന്റിന്റെ ആയുസ്സ് തീരുന്ന 2029 ആകുമ്പോള്‍ മാത്രമാണ് നയം നടപ്പിലാക്കുക.