
















യുകെയിലെ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്നു. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതേടെയാണ് യുകെയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണമേറിയതായി വ്യക്തമായത്. അതേസമയം പുതിയ റിക്രൂട്ടുകള്‍ പേറോളില്‍ ജോലി ചെയ്യുന്നത് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായി. പ്രൈവറ്റ് മേഖലയിലെ അടിസ്ഥാന ശമ്പളവും വര്‍ദ്ധിക്കാന്‍ ബുദ്ധിമുട്ടുകയാണ്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ വരെ മൂന്ന് മാസങ്ങളില്‍ 4.9 ശതമാനത്തിലാണ്. കഴിഞ്ഞ മാസത്തെ 5 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.
അതേസമയം അടിസ്ഥാന ശമ്പള വര്‍ദ്ധന 3.4 ശതമാനത്തില്‍ തുടരുകയാണ്. ഇത് ഇപ്പോഴും പണപ്പെരുപ്പ നിരക്കിന് മുകളിലാണെന്നതാണ് ആശ്വാസം. ലേബര്‍ വിപണി ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ വരുമാന വളര്‍ച്ച 3.2 ശതമാനത്തിലേക്ക് താഴുമെന്നാണ് ആശങ്ക.
ഇതിനിടെ കൂടൂതല്‍ ആളുകള്‍ സ്വയം തൊഴിലിലേക്ക് തിരിയുന്നതായി ഒഎന്‍എസ് വ്യക്തമാക്കുന്നു. വേക്കന്‍സികളും കുറയുന്നത് തുടരുകയാണ്. പുതിയ ജീവനക്കാരെ എടുക്കാന്‍ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കുന്നതായി ഇത് വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനം നല്‍കുന്ന മേഖലകളിലാണ് തുടര്‍ച്ചയായി ഈ ഇടിവ് രേഖപ്പെടുത്തുന്നത്, ഒഎന്‍എസ് പറയുന്നു.