
















കൊച്ചിയില്‍ വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ആറ് ബംഗ്ലാദേശികള്‍ പിടിയില്‍. റാക്കീവ് ഷാബ, മുഹമ്മദ് സൊഹൈല്‍ ഫറാസ്, താരേക്, സോഗിര്‍, മൈധി ഹാസിദ, മുഹമ്മദ് അഗിന്‍ എന്നിവരാണ് പിടിയിലായ ബംഗ്ലാദേശ് സ്വദേശികള്‍. തൃപ്പൂണിത്തുറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
സംസ്ഥാനത്തെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ പ്രത്യേക അന്വേഷണത്തിലാണ് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തത്. നേവല്‍ ഇന്റലിജന്‍സ് കൈമാറിയ രഹസ്യവിവരത്തെ തുടര്‍ന്നാണിത്. ഈയൊരു മാസത്തിനുള്ളില്‍ കൊച്ചി നഗരത്തില്‍ നിന്ന് 16 ബംഗ്ലാദേശികള്‍ അറസ്റ്റിലായി.
ഷിപിയാഡില്‍ ജോലി ചെയ്യുന്നവരും ബംഗ്ലാദേശുകാരായ ചിലരും തൃപ്പൂണിത്തുറ എരൂര്‍ കോഴിവെട്ടുവെളിയിലെ രണ്ട് വാടകവീടുകളിലായി ഉണ്ടെന്ന് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വീട്ടിലെത്തിയത്.
അതിഥിത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ബംഗ്ലാദേശികള്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറിയത്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന യുകെ കപ്പലില്‍ 'ഐലവ് പാകിസ്ഥാന്‍' എന്ന് എഴുതിയ സംഭവത്തിലായിരുന്നു ഇന്റലിജന്‍സ് അന്വേഷണം.
കപ്പലിന്റെ ഉരുക്ക് ഷീറ്റിലാണ് മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ഐലവ് പാകിസ്ഥാന്‍ എന്ന് ചെറുതായി എഴുതിയത്. ദിവസവും 250 മുതല്‍ 300-ലധികം തൊഴിലാളികളാണ് കപ്പലില്‍ പണിയെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലുള്ളവരാണ്. ഇവരില്‍ ബംഗ്ലാദേശികളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നേവല്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്. പാക് അനുകൂല എഴുത്തിന് പിന്നില്‍ ഇവരാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണം.