CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 43 Seconds Ago
Breaking Now

താമരശ്ശേരിയില്‍ നിന്നും ഒളിച്ചോടിയ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വയനാട്ടിലെ മലഞ്ചെരുവില്‍ ടെന്റ് കെട്ടി താമസം തുടങ്ങി ; രാത്രി വൈകി സാഹസികമായി പിടികൂടി നാട്ടുകാര്‍

പണം കണ്ടെത്താനായി ഇവര്‍ ആദ്യം തന്നെ കൂട്ടത്തിലെ ഒരാളുടെ പതിനെട്ടായിരം രൂപ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ പതിനായിരം രൂപയ്ക്ക് വിറ്റു.

വീട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും ഒളിച്ചോടിയ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വയനാട്ടിലെ മലഞ്ചെരുവില്‍ നിന്ന് സാഹസികമായി കണ്ടെത്തി. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന അവളുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് അതിബുദ്ധിപരമായ ഈ യാത്ര ആസൂത്രണം ചെയ്തത്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇവരെ നാട്ടുകാര്‍ പിടികൂടിയത്.

യാത്രയ്ക്കുള്ള പണം കണ്ടെത്താനായി ഇവര്‍ ആദ്യം തന്നെ കൂട്ടത്തിലെ ഒരാളുടെ പതിനെട്ടായിരം രൂപ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ പതിനായിരം രൂപയ്ക്ക് വിറ്റു. പൊലീസിന്റെ സൈബര്‍ സെല്‍ തങ്ങളെ പിന്തുടരാതിരിക്കാന്‍ ബാക്കി രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ദിവസങ്ങളോളം ആരുമറിയാതെ കാട്ടില്‍ തമ്പടിച്ചു ജീവിക്കാന്‍ ആവശ്യമായ ടാര്‍പായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങള്‍ എന്നിവയും ഇവര്‍ മുന്‍കൂട്ടി കരുതിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് പതിനഞ്ചുകാരിയായ പത്താം ക്ലാസുകാരി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ക്ലാസ് തുടങ്ങിയിട്ടും കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ സ്‌കൂളിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെയാണ് അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെയും അവന്റെ കൂട്ടുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും കാണാനില്ലെന്ന വിവരവും പുറത്തുവരുന്നത്. കുട്ടികള്‍ക്കൊപ്പം ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും അപ്രത്യക്ഷമായിരുന്നു.

തുടക്കത്തില്‍ വഴിമുട്ടിയ അന്വേഷണത്തില്‍ നിര്‍ണായകമായത് ഒരു റബര്‍ ടാപ്പിങ് തൊഴിലാളിയുടെ ഇടപെടലാണ്. സ്‌കൂളിന് സമീപത്തെ പറമ്പില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ഈ മൂന്ന് കുട്ടികളെയും കണ്ട അദ്ദേഹം മൊബൈലില്‍ ഇവരുടെ ചിത്രം പകര്‍ത്തിയിരുന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഇതോടെ മൂവരും ഒപ്പമുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ സിസിടിവി പരിശോധനയില്‍ കുട്ടികള്‍ ഇരുചക്രവാഹനങ്ങളില്‍ ലക്കിടി ചുരം കടന്ന് വയനാട്ടിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ തിരച്ചിലിലാണ് വിദ്യാര്‍ത്ഥികള്‍ വയനാട് വടുവന്‍ചാലിലെ ചിത്രഗിരി ഭാഗത്തെ വനമേഖലയിലുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്. കാട്ടിലെ അഞ്ചേക്കറോളം വരുന്ന കുന്നിന്‍ മുകളില്‍ ടെന്റടിച്ച് താമസിക്കുകയായിരുന്നു മൂവരും. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് കാട് അരിച്ചുപെറുക്കി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചിത്രഗിരി സ്‌കൂളിന് സമീപത്തെ കാട്ടില്‍ വെച്ച് നാട്ടുകാര്‍ ആദ്യം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.

പൊലീസ് സംഘം എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേരും സ്‌കൂട്ടര്‍ എടുത്ത് അതിവേഗം അവിടെനിന്നും പാഞ്ഞു കളഞ്ഞു. ഇവര്‍ക്ക് പിന്നാലെ പാഞ്ഞ നാട്ടുകാര്‍, രാത്രി വൈകി പാടിവയലിന് സമീപം വെച്ച് ഇവരെ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥികളെ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.