CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 10 Seconds Ago
Breaking Now

നവ്യാനുഭവമുണര്‍ത്തി ഒമ്പതാമത് അയര്‍ക്കുന്നം-മറ്റക്കര സംഗമം വര്‍ണ്ണാഭമായി സമാപിച്ചു

ലണ്ടന്‍: അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളില്‍ നിന്നുമുള്ള യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ പങ്കെടുത്ത ഒമ്പതാമത് അയര്‍ക്കുന്നം-മറ്റക്കര സംഗമം, പങ്കെടുത്ത ഏവര്‍ക്കും നവ്യാനുഭവം സമ്മാനിച്ച് വര്‍ണ്ണാഭമായി സമാപിച്ചു. ചെല്‍ട്ടന്‍ഹാമിലെ ഷുര്‍ഡിംഗ്ടണ്‍ കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ സംഗമം സംഘടിപ്പിച്ചത്.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടെല്‍സ്‌മോന്‍ തടത്തില്‍ ആലപിച്ച മതേതരത്വത്തിന്റെ സന്ദേശം പകര്‍ന്ന പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് സംഗമത്തിന് തുടക്കമായത്. പ്രസിഡന്റ് സി.എ. ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സെക്രട്ടറി ബെന്‍സിലാല്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭാരവാഹികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിത്ര ടെല്‍സ്‌മോന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫെലിക്‌സ് ജോണ്‍, മുന്‍ പ്രസിഡന്റ് മേഴ്‌സി ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് ഫ്‌ലോറന്‍സ് ഫെലിക്‌സ്, റാണി ജോജി, ടെല്‍സ്‌മോന്‍ തടത്തില്‍, മേഴ്‌സി ബിജു, ജോര്‍ജ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഗാനാലാപനങ്ങള്‍, മനോഹരമായ നൃത്താവിഷ്‌കാരങ്ങള്‍, ഹാസ്യ-വിനോദ പരിപാടികള്‍, പുരുഷന്മാരും വനിതകളും പങ്കെടുത്ത വടംവലി മത്സരം എന്നിവ സംഗമത്തിന് ആവേശം പകര്‍ന്നു. പരിപാടികള്‍ കുടുംബാംഗങ്ങള്‍ക്കിടയിലെ സൗഹൃദവും ഐക്യവും കൂടുതല്‍ ദൃഢമാക്കുകയും സംഗമത്തെ അവിസ്മരണീയമാക്കുകയും ചെയ്തു.

ആദ്യമായി സംഗമത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ സ്വയം പരിചയപ്പെടുത്തി. എല്ലാ കുടുംബാംഗങ്ങളും പരസ്പരം സൗഹൃദങ്ങള്‍ പുതുക്കിയും അനുഭവങ്ങള്‍ പങ്കുവെച്ചും വിവിധ പരിപാടികളില്‍ പങ്കാളികളായും സംഗമത്തെ കൂടുതല്‍ അര്‍ഥവത്താക്കി.

ടെല്‍സ്‌മോന്‍ തടത്തില്‍ ആലപിച്ച അച്ഛന്മാരുടെ മഹത്വം ഉയര്‍ത്തിക്കാട്ടിയ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഫാദേഴ്‌സ് ഡേ ആഘോഷവും ശ്രദ്ധേയമായി. കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചും എല്ലാവര്‍ക്കും വിതരണം ചെയ്തും നടത്തിയ ആഘോഷം പങ്കെടുത്തവര്‍ക്കെല്ലാം സ്‌നേഹോഷ്മളമായ അനുഭവമായി.

വിവിധ കലാപരിപാടികളില്‍ മികവ് തെളിയിച്ച കുടുംബാംഗങ്ങള്‍ക്കും വടംവലി മത്സരങ്ങളിലെ വിജയികള്‍ക്കും സി.എ. ജോസഫ്, ബെന്‍സിലാല്‍ ചെറിയാന്‍, ജോഷി കണിച്ചിറയില്‍, ബിജു പാലക്കുളത്തില്‍, ജോജി ജോസ്, ജോര്‍ജ് തോമസ്, ജിഷ ജീബി, മേഴ്‌സി ബിജു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കേരളത്തിന്റെ തനത് രുചികള്‍ നിറഞ്ഞ സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കിയിരുന്നത് ഏവരിലും ഗൃഹാതുരത ഉണര്‍ത്തി.

മുഴുവന്‍ പരിപാടികള്‍ക്കും മികച്ച അവതരണ ശൈലിയിലൂടെ ആങ്കറിംഗ് നിര്‍വ്വഹിച്ച റാണി ജോജി ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച പ്രതിഭകള്‍ക്കും ജോയിന്റ് സെക്രട്ടറി ജിഷ ജീബി നന്ദി രേഖപ്പെടുത്തി. 

സംഗമത്തിന്റെ സമാപനവേളയില്‍, അയര്‍ക്കുന്നം-മറ്റക്കര സംഗമത്തിന്റെ പത്താം വാര്‍ഷികം 2027 ജൂണ്‍ 26-ന് യുകെയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്നുള്ള പ്രസിഡന്റ് സി.എ. ജോസഫിന്റെ പ്രഖ്യാപനം കുടുംബാംഗങ്ങള്‍ ഹര്‍ഷാരവത്തോടെയും ആവേശത്തോടെയുമാണ് സ്വീകരിച്ചത്.  ദേശീയഗാനാലാപനത്തോടെ ഒമ്പതാമത് അയര്‍ക്കുന്നം-മറ്റക്കര സംഗമം സമംഗളം പര്യവസാനിച്ചു. 

ബെന്‍സിലാല്‍ ചെറിയാന്‍

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.