
















വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നു. മൃതദേഹങ്ങള്‍ ചൊവ്വാഴ്ചയോടെ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിയറ്റ്‌നാമിലുള്ള ടൂര്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചത്. എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് കുടുംബം. കൊട്ടാരക്കര മാര്‍ത്തോമ പള്ളിയില്‍ ആണ് സംസ്‌കാര ചടങ്ങ്. കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികള്‍. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേര്‍ അപകടത്തില്‍ മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകടത്തില്‍ മരിച്ചവരില്‍ ഏറിയ പങ്കും തമിഴ്‌നാട് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മരണപ്പെട്ടവരില്‍ തമിഴ്‌നാട് പഴനി സ്വദേശിയായ 44 കാരന്‍ മുരുകപ്രഭു ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ലാവ മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടില്‍ 39 പേര്‍ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി നിര്‍മല്‍കുമാര്‍ പ്രതികരിക്കുന്നത്. മരിച്ചവരില്‍ 4 ആന്ധ്ര സ്വദേശികള്‍ ഉള്‍പ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.