CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 48 Seconds Ago
Breaking Now

യുകെ ഭവനവിലകള്‍ ഇറാന്‍ യുദ്ധത്തിന് ശേഷം ആദ്യമായി ഉയര്‍ന്നു; ജൂണില്‍ ശരാശരി ഭവനവില 299,330 പൗണ്ടില്‍; സാമ്പത്തിക അനിശ്ചിതാവസ്ഥയുടെയും, പണപ്പെരുപ്പത്തിന്റെയും, പലിശ നിരക്ക് പ്രതീക്ഷയുടെയും ഫലമെന്ന് വിദഗ്ധര്‍

ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വീടുകളുടെ വില ഉയര്‍ന്നത്

ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി യുകെയിലെ ഭവനവില വര്‍ദ്ധിച്ചു. രാജ്യത്തെ ശരാശരി ഭവനവില 0.2% വര്‍ദ്ധിച്ച് ജൂണില്‍ 299,330 പൗണ്ടിലേക്കാണ് എത്തിയത്. ലോയ്ഡ്‌സ് ഹൗസ് പ്രൈസ് ഇന്‍ഡക്‌സാണ് നിരക്കുകളില്‍ യുദ്ധാനന്തരം ചെറിയ വര്‍ദ്ധനവ് സംഭവിച്ചതായി വ്യക്തമായത്. 

ഇതോടൊപ്പം വീടുകളുടെ വാര്‍ഷിക വില വര്‍ദ്ധന 0.6 ശതമാനത്തിലേക്കും എത്തി. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വീടുകളുടെ വില ഉയര്‍ന്നത്. എന്നിരുന്നാലും ജനുവരിയിലെ 300,283 പൗണ്ടിലും താഴെയാണ് ഇപ്പോഴും നിരക്കുകള്‍. 

'ഈ അടുത്ത കാലത്തെ വില ട്രെന്‍ഡുകള്‍ ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ സംഭാവനയാണ്. ഒപ്പം ഈ വിഷയങ്ങള്‍ പണപ്പെരുപ്പത്തില്‍ ചെലുത്തുന്ന സ്വാധീനവും, പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകളും വിഷയമാണ്. അഫോര്‍ഡബിലിറ്റി പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടാണ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ അടുത്ത കാലത്തെ ഉയരത്തില്‍ നിന്നും താഴെ ഇറങ്ങിയിട്ടുണ്ട്. ഇത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്‍പ്പം പ്രോത്സാഹനമാണ്', ലോയ്ഡ്‌സ് മോര്‍ട്ട്‌ഗേജ് ഹെഡ് അമാന്‍ ബ്രൈഡന്‍ പറഞ്ഞു. 

ഫെബ്രുവരി 28ന് യുഎസ്, ഇസ്രയേല്‍ സേനകള്‍ ഇറാനെതിരെ അക്രമം തുടങ്ങിയതോടെയാണ് നാല് മാസം നീണ്ട യുദ്ധത്തിന് ആരംഭമായത്. ഇപ്പോള്‍ സമാധാന കരാര്‍ നേടാനായി താല്‍ക്കാലിക വെടിനിര്‍ത്തലില്‍ എത്തിനില്‍ക്കുകയാണ്. യുദ്ധം ആഗോള എണ്ണ, ഗ്യാസ് വിലകളെ റോക്കറ്റ് പോലെ കുതിക്കാന്‍ കാരണമാകുകയും പണപ്പെരുപ്പത്തെ സ്വാധീനിക്കുകയും ചെയ്തു. പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയ്ക്ക് പകരം നിരക്ക് ഉയരുമെന്ന ഭീതിയാണ് പിന്നീട് വളര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.