
















മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ഒരു ഗ്രാമത്തില്‍ 12 വയസുകാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട ഒരു കല്ല് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധമായിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ടെന്ന് വാര്‍ധ ജില്ലാ പൊലീസ് സൂപ്രണ്ട് സൗരവ് കുമാര്‍ അഗര്‍വാള്‍ അറിയിച്ചു. മരണകാരണം കൃത്യമായി സ്ഥിരീകരിക്കാന്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി അജ്ഞാതര്‍ക്കെതിരെ ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ രാജു മഡാവി (30) എന്ന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിന്റെ അന്വേഷണം വേഗത്തിലാക്കുന്നതിനായി 14 പ്രത്യേക പൊലീസ് സംഘങ്ങളെയും ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.