
















വെസ്റ്റ് ലണ്ടനിലെ ഹെയ്‌സില്‍ കുടുംബമായി താമസിച്ചിരുന്ന ഇന്ത്യന്‍ യുവതിയായ കിരണ്‍ദീപ് കൗറിനെ (24) വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാന്‍ നടപടി ഉണ്ടാകണമെന്നും നീതി ലഭിക്കണമെന്നും കുടുംബം.
ജൂലൈ 12ന് ഞായറാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവിനും നാലു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം ഉറങ്ങികിടക്കുന്നതിനിടെ കിരണ്‍ദീപ് കൊല്ലപ്പെട്ടത്.
പഞ്ചാബിലെ തരണ്‍ താരണ്‍ സ്വദേശിയായ കിരണ്‍ ദീപ് 2024 സെപ്തംബറിലാണ് യുകെയിലെത്തിയത്. ബക്കിങ്ഹാംഷയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗ്രോസറി സ്‌റ്റോറില്‍ ജോലി ചെയ്തു വരികയായിരുന്നു. യുകെയില്‍ വച്ചാണ് വിവാഹിതയായതും പിന്നീട് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഹെയ്‌സില്‍ താമസമാക്കിയതും. സംഭവത്തില്‍ 46 കാരനായ ഡാനിയല്‍ ഷോണ്‍ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം പ്രതി ആദ്യം മറ്റൊരാളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം കിരണ്‍ദീപിന്റെ വീട്ടിലെത്തി മുന്‍ വാതില്‍ ചവിട്ടി അകത്തു കയറി ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ജനാലയിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവേ ഇയാള്‍ക്ക് പരിക്കേറ്റു. രണ്ടു കണങ്കാലുകളും ഒടിഞ്ഞ നിലയിലായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. യുവതിയ്ക്ക് അക്രമിയെ മുന്‍പരിചയമില്ലെന്നാണ് റിപ്പോര്‍ട്ട്. ദാരുണ സംഭവത്തില്‍ ഞെട്ടലിലാണ് യുകെയിലെ ഇന്ത്യന്‍ സമൂഹം. ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനും നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കുമായി സഹായം നല്‍കാന്‍ ലണ്ടനിലെ ശ്രീ ഗുരു സിങ് സഭ സൗത്താള്‍ ഗുരുദ്വാരയുടെ നേതൃത്വത്തില്‍ ഗോഫണ്ട് വഴി ധനസമാഹാരണം ആരംഭിച്ചിട്ടുണ്ട്.