
















നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി കങ്കണാ റണാവത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യ വക്താവ് സൗരവ് ദാസ്. കങ്കണ പറയുന്നത് ബിജെപിക്കാര്‍ പോലും കാര്യമായി എടുക്കുന്നില്ലെന്ന് പറഞ്ഞ സൗരവ്, പിന്നെന്തിന് തങ്ങള്‍ അവരെ ഗൗനിക്കണം എന്നും ചോദിച്ചു. എംപിയുടെ ജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്തവരാണ് സിജെപിയെ വിമര്‍ശിക്കുന്നതെന്നും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ കങ്കണ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സിജെപി ചെയ്തിട്ടുണ്ടെന്നും സൗരവ് ദാസ് പറഞ്ഞു.
'കങ്കണ റണാവത്തിനെ ബിജെപിക്കാര്‍ പോലും കാര്യമാകുന്നില്ല. ജെന്‍സികളും ജെന്‍ ആല്‍ഫയുമുള്‍പ്പെട്ട പുതുതലമുറയും അവര്‍ പറയുന്നതിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. എംപിയുടെ ജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്തവരാണ് സിജെപിയെ വിമര്‍ശിക്കുന്നത്. അവര്‍ക്ക് കുറച്ച് രാഷ്ട്രീയ മര്യാദയൊക്കെ ആവാം. ഒരു എംപിയാണ് അവര്‍. ജനപ്രതിനിധി എന്ന നിലയിലുളള പദവിക്ക് ചേരാത്തതാണ് അവരുടെ വാക്കുകള്‍': സൗരവ് ദാസ് പറഞ്ഞു.
പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ രൂക്ഷ പ്രതികരണമാണ് കങ്കണ റണാവത്ത് നടത്തിയത്. ജന്തര്‍ മന്തറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന സിജെപിയുടെ പ്രതിഷേധത്തില്‍ ഉപയോഗിച്ച ഭാഷ അറപ്പുളവാക്കുന്നതും സംസ്‌കാരശൂന്യവുമാണെന്നും അവരുടെ റീലുകള്‍ കണ്ട് ഛര്‍ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണാ റണാവത്ത് പറഞ്ഞത്. 'ഛീ ആരാണ് ഇവരെയൊക്കെ പ്രസവിച്ച് വളര്‍ത്തുന്നത്... വൈവിധ്യമാര്‍ന്ന മനുഷ്യരുളള, ചാരുതയാര്‍ന്ന സാംസ്‌കാരിക പക്വതയുളള ഇടമാണ് ഇന്ത്യ. നിങ്ങള്‍ നിങ്ങളെ പാറ്റകള്‍ എന്ന് വിളിക്കുന്നു. അവരെപ്പോലെ തന്നെ പെരുമാറുകയും ചെയ്യുന്നു. അതില്‍ വൈരുദ്ധ്യമില്ല. ലോകത്തിന് നിങ്ങളുടെ അഴുക്കും മാലിന്യവും വൈരൂപ്യവും കാണിച്ചുകൊടുക്കുകയാണ് എന്ന് മാത്രം. ഈ റീലുകള്‍ കണ്ട് എന്റെ മനസ് മടുത്തിരിക്കുന്നു. ഒരു ഡിജിറ്റല്‍ ഡീറ്റോക്സ് വേണം' എന്നാണ് കങ്കണ പറഞ്ഞത്.
പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ സ്വതന്ത്രമായി ജീവിക്കാന്‍ ശ്രമിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗിക്കാനും മദ്യപിക്കാനും പങ്കാളികളെ മാറ്റാനുമുളള സ്വാതന്ത്ര്യം അഭിമാനത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാണെന്നും അവരുടെ റീലുകളിലെ ഓരോ ഫ്രെയിമുകളും അലോസരപ്പെടുത്തുന്നതാണെന്നും കങ്കണ പറഞ്ഞിരുന്നു.