CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 29 Seconds Ago
Breaking Now

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക് ; പരാതിക്കാര്‍ക്ക് 52800 കോടിരൂപ നല്‍കും

കേസ് ഒത്തുതീര്‍പ്പാക്കുന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തങ്ങള്‍ക്കെതിരെയുള്ള പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പോകുന്നു. പത്ത് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നിലവില്‍ കമ്പനി ഒത്തുതീര്‍പ്പിനുള്ള സന്നദ്ധത അറിയിച്ചത്. പരാതിക്കാര്‍ക്ക് ഏകദേശം 550 കോടി ഡോളര്‍ (ഏകദേശം 52,800 കോടി രൂപ) നല്‍കി പരാതികള്‍ ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡറും ടാല്‍കം അധിഷ്ഠിത ഉല്‍പ്പന്നങ്ങളും വര്‍ഷങ്ങളോളം ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദം ബാധിച്ചുവെന്നാണ് പരാതികള്‍. ടാല്‍കം പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന അസ്‌ബെസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്ന് പല പരാതിക്കാരും ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ രണ്ട് ആരോപണങ്ങളും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടക്കം മുതല്‍ തന്നെ നിഷേധിച്ചു. ഇത്രയും വലിയ തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുമ്പോഴും, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും അസ്‌ബെസ്റ്റോസ് അടങ്ങിയിട്ടില്ലെന്നുമാണ് കമ്പനി ആവര്‍ത്തിക്കുന്നത്.

കേസ് ഒത്തുതീര്‍പ്പാക്കുന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ഫെഡറല്‍, സ്റ്റേറ്റ് കോടതികളിലായി കമ്പനിക്കെതിരെ നിലവില്‍ 76,000 കേസുകളാണ് ഉള്ളത്. ഇതിനുമുമ്പും ചില കേസുകള്‍ കമ്പനി ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്.

കരാര്‍ അന്തിമമാകണമെങ്കില്‍ പരാതിക്കാരില്‍ കുറഞ്ഞത് 95 ശതമാനം പേരുടെയെങ്കിലും അംഗീകാരം ആവശ്യമാണ്. ഇവര്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ കേസ് വീണ്ടും നീളും. 2027-ല്‍ മൂന്ന് ബില്യണ്‍ ഡോളറും ബാക്കി തുക 2028 മുതലും നല്‍കാനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പദ്ധതിയിടുന്നത്.

ഈ കരാറില്‍ എത്രപേര്‍ സമ്മതം അറിയിച്ച് ചേരുന്നു എന്നതിനെ ആശ്രയിച്ച് മൊത്തം തുകയില്‍ മാറ്റങ്ങള്‍ വരാം. അതേസമയം, കേസുകള്‍ അടിസ്ഥാനരഹിതമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ലിറ്റിഗേഷന്‍ വൈസ് പ്രസിഡന്റ് എറിക് ഹാസ് വ്യക്തമാക്കി. ഈ പ്രശ്‌നത്തിന് ഒരു അന്തിമ പരിഹാരം കാണുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മാത്രമാണ് ഒത്തുതീര്‍പ്പെന്ന് അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.