CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 51 Seconds Ago
Breaking Now

കിരീടവും മാന്യതയും നഷ്ടപ്പെട്ട അര്‍ജന്റീന

തോല്‍വിയുടെ ഭാരത്താല്‍ കളിക്കളത്തിലെ സര്‍വ മര്യാദകളും മറന്നു പോയ മെസ്സിയും സംഘവും.

ലോകകപ്പ് വിജയകിരീടം ചൂടി സ്പെയിന്‍ അവരുടെ സുവര്‍ണ്ണ നിമിഷങ്ങള്‍ ആഘോഷിക്കുമ്പോള്‍, ലോകം നിര്‍ഭാഗ്യകരമായ ഒരു കാഴ്ചയ്ക്ക് കൂടി സാക്ഷിയായി. വിജയികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന് പകരം വേദിക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന അര്‍ജന്റീന. തോല്‍വിയുടെ ഭാരത്താല്‍ കളിക്കളത്തിലെ സര്‍വ മര്യാദകളും മറന്നു പോയ മെസ്സിയും സംഘവും. 

ലോക ചാമ്പ്യന്മാരായിരുന്ന ഒരു ടീമില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത അച്ചടക്കമില്ലായ്മ. കളിയിലുടനീളവും പ്രകോപനങ്ങളും ഫൗളുകളുമായിരുന്നു അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായത്. നിശ്ചിത സമയം അവസാനിക്കാന്‍ ഇരിക്കെയാണ് എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയത്. എക്സ്ട്രാ ടൈമിന്റെ 30 മിനിറ്റും 10 പേരുമായാണ് അവര്‍ കളത്തിലുണ്ടായിരുന്നത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകള്‍ മുതല്‍ സ്പെയിനിന്റെ യുവതാരങ്ങളെ ഫൗളുകളിലൂടെ തടയാനായിരുന്നു അര്‍ജന്റീനയുടെ ശ്രമം. ഡാനി ഓല്‍മോയ്ക്ക് നേരെയുള്ള മാക് അലിസ്റ്ററിന്റെ അപകടകരമായ ടാക്കിളും, ലമീന്‍ യമാലിനെ കായികമായി നേരിടാന്‍ നികോളാസ് തഗ്ലിയാഫിക്കോ നടത്തിയ നീക്കങ്ങളും റഫറി കണ്ടില്ലെന്നു നടിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ലെയാന്ദ്രോ പരേഡസിനും വില്ലന്‍ വേഷമായിരുന്നു. ഫുട്ബോളിന്റെ മിശഹയായി വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സി പോലും മൈതാനത്ത് തന്റെ നിരാശ ഒതുക്കി വയ്ക്കുന്നതില്‍ പരാജയപ്പെട്ടു.

അര്‍ജന്റീനയുടെ പ്രകോപനത്തില്‍ സ്പെയിന്‍ വീണില്ല! മൈതാനത്ത് അവര്‍ ശാന്തത പാലിച്ചു. മാന്യമായ ഫുട്ബോളിലൂടെയാണ് സ്പെയിന്‍ മറുപടി നല്‍കിയത്. പന്ത് തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്തി അര്‍ജന്റീനയുടെ പ്രകോപനങ്ങളെ അവര്‍ നിര്‍വീര്യമാക്കി.

അവസാന വിസില്‍ മുഴങ്ങിയ ശേഷവും അര്‍ജന്റീനയുടെ അസഹിഷ്ണുത അവസാനിച്ചില്ല. സ്പെയിനിന്റെ റോഡ്രിയുമായി അര്‍ജന്റീന താരം നഹ്വെല്‍ മൊളീന കൊമ്പുകോര്‍ത്തു. തടയാനെത്തിയ എറിക് ഗാര്‍സിയയുടെ കഴുത്തിന് ലെയാന്ദ്രോ പരേഡസ് പിടിച്ചുതള്ളി. നികോളാസ് ഒട്ടാമെണ്ടിയും സ്പാനിഷ് താരങ്ങളോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി ഇടപെട്ടാണ് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചത്.

സ്പെയിന്‍ ടീം അര്‍ജന്റീനയ്ക്ക് ആദരവോടെ 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കിയെങ്കിലും, സമ്മാദന സമയത്ത് അര്‍ജന്റീന കാണിച്ച മര്യാദകേട് ഫുട്ബോള്‍ ലോകത്തെ നിരാശപ്പെടുത്തി. റോഡ്രി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം വാങ്ങുമ്പോള്‍ പോലും അര്‍ജന്റീന ആരാധകര്‍ കൂക്കിവിളിക്കുകയായിരുന്നു.

ഫുട്ബോളില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. എന്നാല്‍ വിജയത്തില്‍ മര്യാദ കാണിക്കുന്നതുപോലെ തന്നെ പ്രധാനമാണ് തോല്‍വിയിലും മാന്യത പുലര്‍ത്തുക എന്നത്. ആ മാന്യത മറന്നതിലൂടെ കളിക്കളത്തിലെ വീര്യത്തിനപ്പുറം ലോകത്തിന് മുന്നില്‍ അര്‍ജന്റീന സ്വയം ചെറുതായിരിക്കുകയാണ്.

മത്സരശേഷം ജര്‍മ്മന്‍ ഇതിഹാസം ടോണി ക്രൂസ് പറഞ്ഞിതങ്ങനെയായിരുന്നു, 'ഇവിടെ ഫുട്ബോള്‍ ജയിച്ചിരിക്കുന്നു'. 'മെസ്സി ഒരു ജീനിയസ് ആണ്, എന്നാല്‍ അദ്ദേഹത്തിന്റെ സഹതാരങ്ങളില്‍ പലരും കളിയില്‍ മര്യാദയില്ലാത്തവരായി മാറി'.

 




കൂടുതല്‍വാര്‍ത്തകള്‍.