CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 18 Seconds Ago
Breaking Now

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു

ലണ്ടന്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) യുകെ ബിസിനസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 28, 2026ല്‍ ലണ്ടനിലുള്ള മാഗ്‌നാവിഷന്‍  ടിവി സ്റ്റുഡിയോയില്‍ വച്ച്  പ്രൗഢഗംഭീരമായ നടത്തപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയേഴ്സ്, കോമണ്‍വെല്‍ത്ത്, എജ്യുക്കേഷന്‍, ഹെല്‍ത്ത്, ഐ.എം.ഒ, സയന്‍സ് ആന്‍ഡ് ടെക്നോളജി ശ്രീമതി അശ്വിനി സത്താറു  ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി സമൂഹത്തിന്റെ വളര്‍ച്ചയിലും യുകെയിലെ സാമൂഹിക-സാമ്പത്തിക മേഖലകളിലും മലയാളി സംരംഭകര്‍ നടത്തുന്ന മികച്ച സംഭാവനകളെ അവര്‍ അഭിനന്ദിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബിസിനസ് ക്ലബ്ബിലൂടെ മലയാളി സംരംഭകര്‍ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് വരണമെന്നും അതിനായുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ എല്ലാ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.

യുകെയിലെ മലയാളി സംരംഭകര്‍ക്കും വ്യവസായികള്‍ക്കും പരസ്പരം സഹകരിക്കാനും, പിന്തുണയ്ക്കാനും, പുതിയ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള പ്രൊഫഷണല്‍ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. യുകെയിലെ വിവിധങ്ങളായ സംരംഭങ്ങള്‍ നടത്തിവരുന്ന പ്രമുഖരായ ബിസിനസ് സംരംഭകര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ ബിസിനസ്സിനെക്കുറിച്ചും സേവനകളെക്കുറിച്ചും സംസാരിക്കാനും എല്ലാവരെയും പരിചയപ്പെടാനും പ്രത്യേക സമയവും  സംവിധാനവും  ഡബ്‌ള്യു എം എഫ് ബിസിനസ് ക്ലബ്  ഏര്‍പ്പെടുത്തിയത് വ്യവസായികള്‍ക്കും  യുവ സംരംഭകര്‍ക്കും  കൂടുതല്‍ ആവേശം പകര്‍ന്നു.

മുന്‍ യുകെ പാര്‍ലമെന്റ് അംഗം ശ്രീ വീരേന്ദ്ര ശര്‍മ്മ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിന്റെ കഠിനാധ്വാനത്തെയും വ്യവസായ രംഗത്തെ വളര്‍ച്ചയെയും അദ്ദേഹം പ്രശംസിച്ചു.

ബാംഗ്ലൂരില്‍ നിന്നുള്ള ഡബ്ല്യു.എം.എഫ് ബിസിനസ് ക്ലബ്ബ് ഇന്റ്റര്‍നാഷണല്‍  പ്രസിഡന്റ് ശ്രീ റെജിന്‍ ചാലപ്പുറം  യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആഗോളതലത്തില്‍ മലയാളി സംരംഭകരെ കോര്‍ത്തിണക്കി പരസ്പര വളര്‍ച്ച ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) ബിസിനസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമായിരിക്കണമെന്നും അതിന്റെ സംഘടനാ നിയമാവലിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

യൂണിയന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷന്‍സ് (UUKMA) പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു. പുതിയ സംരംഭത്തിന് യുക്മയുടെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

 

ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ യൂത്ത് ഫോറം കോഓര്‍ഡിനേറ്ററും യുകെ ബിസിനസ് ക്ലബ്ബ് പ്രസിഡന്റുമായ റവ. ഡീക്കന്‍ ജോയ്‌സ് ജെയിംസ് പള്ളിക്കമ്യാലില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. 170 രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മാനവ നന്മയ്ക്കായി നിലകൊള്ളുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

 

ഡബ്ല്യു.എം.എഫ് യൂറോപ്പ് ഹെല്‍ത്ത് ഫോറം കോഓര്‍ഡിനേറ്റര്‍ ശ്രീ അബ്രഹാം പൊന്നംപുരയിടം ചടങ്ങില്‍ വിശിഷ്ടാതിഥിയായി  സംബന്ധിച്ചു.  ഡബ്ല്യു.എം.എഫ് യുകെ വൈസ് പ്രസിഡന്റ് ശ്രീ ജിതിന്‍ സണ്ണി ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും യുവ സംരംഭകരും വലിയ തോതില്‍ പങ്കെടുത്ത യോഗം വന്‍ വിജയകരമായാണ് പരിസമാപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.