
















ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത സമ്മാനിച്ച് എ-ലെവല്‍ ഫലങ്ങള്‍. ടോപ്പ് എ-ലെവല്‍ ഗ്രേഡുകള്‍ ഒരുവട്ടം കൂടി റെക്കോര്‍ഡിട്ടതോടെ യൂണിവേഴ്‌സിറ്റിയിലേക്ക് സീറ്റ് ഉറപ്പിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണവും റെക്കോര്‍ഡിലാണ്.
എ-ലെവല്‍ ഫലങ്ങള്‍ക്ക് പുറമെ ടി-ലെവല്‍, ബിടെക് ഫലങ്ങളും പുറത്തുവന്നു. എ-ലെവല്‍ ഫലങ്ങളില്‍ എ*, എ ഗ്രേഡുകള്‍ 28.5 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 28.3 ശതമാനത്തിലായിരുന്നു.
ഏകദേശം 20,000 വിദ്യാര്‍ത്ഥികളാണ് ടി-ലെവല്‍ പൂര്‍ത്തിയാക്കിയത്, 90 ശതമാനമാണ് വിജയശതമാനം. ജിസിഎസ്ഇയ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം നല്‍കുന്നതാണ് ടി-ലെവല്‍. പ്രാക്ടിക്കല്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടി-ലെവല്‍ 3 ലെവല്‍ ക്വാളിഫിക്കേഷന് തുല്യമാണ്.
ഏകദേശം 41 ശതമാനം 18 വയസ്സുകാരാണ് ഈ വര്‍ഷം ജൂണില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് അപേക്ഷ വെച്ചത്. റെക്കോര്‍ഡ് എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ഉദ്ദേശിച്ച കോഴ്‌സുകളിലും, കോളേജിലും പഠിക്കാന്‍ കഴിയും.
അതേസമയം എല്ലാവരും ഡിഗ്രി പഠനത്തിന് പോകേണ്ടതില്ലെന്ന നിലയിലേക്ക് ലേബര്‍ ഗവണ്‍മെന്റ് നിലപാട് മാറ്റുകയാണ്. എന്നാല്‍ ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് യൂണിവേഴ്‌സിറ്റീസ് യുകെ തള്ളി. രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി തീരുമാനം എടുക്കുന്ന നില വരരുതെന്നാണ് വിദ്യാര്‍ത്ഥികളോട് യൂണിവേഴ്‌സിറ്റീസ് യുകെ ഉപദേശിച്ചത്.