
















അമ്പതാം വയസ്സ് ജീവിതത്തിലെ ഒരു മാറ്റത്തിന്റെ കാലഘട്ടമെന്ന് പറയാറുണ്ട്. എന്നാല്‍, ആ പ്രായം പുതിയ സ്വപ്നങ്ങള്‍ക്കും പുതിയ തുടക്കങ്ങള്‍ക്കും പ്രചോദനമാക്കുകയാണ് യുകെയിലെ മലയാളികളായ ഈ രണ്ടു വനിതകള്‍.
അമ്പതാം വയസ്സില്‍ മൂന്ന് മലകള്‍ കയറണമെന്നൊരു ആഗ്രഹം തോന്നി. ആ ആഗ്രഹം വെറുമൊരു സ്വപ്നമായി നിര്‍ത്താതെ, ഒന്‍പത് മാസത്തിനുള്ളില്‍ അത് യാഥാര്‍ഥ്യമാക്കി. കുടുംബജീവിതവും ജോലിയും മറ്റു ഉത്തരവാദിത്വങ്ങളും മാറ്റിവെക്കാതെ, അവയ്‌ക്കൊപ്പം ചേര്‍ത്തുകൊണ്ടാണ് ഈ യാത്ര പൂര്‍ത്തിയാക്കിയത്.

യുകെയിലെ ഏറ്റവും ഉയരം കൂടിയ മൂന്ന് കൊടുമുടികളായ ബെന്‍ നെവിസ്, സ്‌കൈഫെല്‍ പൈക്ക്, സ്‌നേഡോണ്‍ എന്നിവയാണ് കീഴടക്കിയത്. അതും ആസൂത്രണം ചെയ്ത് വെറും ആറ് ആഴ്ചയ്ക്കുള്ളില്‍ മൂന്നും പൂര്‍ത്തിയാക്കാനായത് അത്ര നിസ്സാര കാര്യമല്ല.
''ജീവിതത്തിലെ ഒന്നും മാറ്റിവെക്കാതെ തന്നെ നമുക്ക് നമ്മുടെ സ്വപ്നങ്ങള്‍ പിന്തുടരാം'' എന്നൊരു സന്ദേശം നല്‍കുക എന്നതും ഈ യാത്രയുടെ ഭാഗമായിരുന്നു. കുടുംബം, ജോലി, മറ്റ് ഉത്തരവാദിത്വങ്ങള്‍ എന്നിവയ്‌ക്കൊപ്പം തന്നെ ഒരു വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇരുവരും തെളിയിച്ചു.

എന്നാല്‍, ഈ യാത്ര വ്യക്തിപരമായ ഒരു നേട്ടത്തിനല്ല മറിച്ച് വിശപ്പിനെതിരെ പോരാടാന്‍ ഒരു നല്ല മാതൃക കൂടി സമ്മാനിച്ചിരിക്കുകയാണ് ഇവര്‍.
നമ്മുടെ ജീവിതത്തില്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമായി ജീവിക്കുമ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കുട്ടികളും കുടുംബങ്ങളും ഭക്ഷണത്തിനായി പോലും ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണുന്നു. ആ യാഥാര്‍ഥ്യം മനസ്സാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ആ ചിന്തയാണ് ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഹംഗര്‍ യുകെ എന്ന ചാരിറ്റിയെ കൂടി ഭാഗമാക്കാന്‍ പ്രധാന കാരണമെന്ന് സിമി സുരേഷ് പറയുന്നു.

57 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന സംഘടന വിശപ്പും പോഷകാഹാരക്കുറവും നേരിടുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും സഹായം എത്തിക്കുന്നു. ഇതിന്റെ ഭാഗമായതില്‍ ഒരുപാട് സന്തോഷത്തിലും അഭിമാനത്തിലുമാണ് സിമിയും സിനിയും.
അമ്പതാം വയസ്സിലേക്ക് കടക്കുന്നവര്‍ക്ക് പ്രത്യേകിച്ച്, ''ഇനി ഒന്നും ചെയ്യാനില്ല'' എന്നല്ല, മറിച്ച് ''ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്'' എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ യാത്രയുടെ ലക്ഷ്യം.
സിമി സുരേഷ് യുകെയില്‍ കഴിഞ്ഞ 16 വര്‍ഷമായി ഓപ്പറേഷണല്‍, കോര്‍പ്പറേറ്റ് തലങ്ങളില്‍ വിവിധ ലീഡര്‍ഷിപ്പ് മാനേജ്‌മെന്റ് റോളുകള്‍ വഹിച്ചുവരുന്നു. മൂന്ന് എന്‍എച്ച്എസ് ഓര്‍ഗനൈസേഷന്‍സുകളിലായി സീനിയര്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് റോളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ നിലവില്‍ Head of Nursing Professional Standards and Practice at Cirona Care and Health എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഭര്‍ത്താവ് സുരേഷ് കഴിഞ്ഞ 16 വര്‍ഷമായി ജിപി ആയി ജോലി ചെയ്യുന്നു. ഈ യാത്രയ്ക്കും ഫണ്ട് റെയ്‌സിങ് പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. മൂന്ന് കൊടുമുടികളിലേക്കും ഒപ്പം കയറി യാത്രയില്‍ നേരിട്ടുള്ള പിന്തുണയും അദ്ദേഹം നല്‍കി.മകള്‍ ട്രിനിറ്റി എ ലെവല്‍ പഠിക്കുന്നു.
ഈ യാത്രയില്‍ സിമിയ്‌ക്കൊപ്പം ചേര്‍ന്നത് സിനി സാജനാണ് .കുറവിലങ്ങാട് സ്വദേശിനിയായ സിനി നാല് മക്കളുടെ അമ്മയാണ്. മക്കളില്‍ രണ്ടുപേര്‍ മെഡിസിന് പഠിക്കുന്നു. സിനി നിലവില്‍ Cirona Care and Health-ല്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു.ഭര്‍ത്താവ് സാജന്‍ സ്വന്തം ബിസിനസ് നടത്തിവരുന്നയാളാണ്. മൂന്ന് കൊടുമുടികളില്‍ രണ്ടിലും അദ്ദേഹം ഒപ്പം കയറി പിന്തുണ നല്‍കി. മൂന്നാമത്തെ യാത്രാ സമയത്ത് സാജന്‍ നാട്ടിലായിരുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
ഫണ്ട് റെയ്‌സിങ്ങില്‍ സഹായിച്ചവര്‍ക്കും,, നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഇരുവരും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

തണുത്ത കാലാവസ്ഥയിലും ഇന്ത്യന്‍ വസ്ത്രം അണിച്ച് എടുത്ത ചിത്രം ഈ യാത്രയിലെ മറ്റൊരു മനോഹരമായ ഓര്‍മ്മയായി.
അമ്പതാം വയസ്സില്‍ തുടങ്ങിയ ഈ യാത്ര മൂന്ന് മലകള്‍ കീഴടക്കിയതില്‍ അവസാനിക്കുന്നില്ല. ഇനിയും ഏറെ ചെയ്യാനുണ്ടെന്നും വലിയ യാത്രകളിലേക്കുള്ള തുടക്കമായിട്ടാണ് ഈ യാത്രയെ കാണുന്നതെന്നും ഇരുവരും പറയുന്നു. ഇരുവരും യുകെ മലയാളികള്‍ക്കാകെ പ്രചോദനമാകുകയാണ്.
നിങ്ങള്‍ക്കും ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാം , താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സംഭാവനയും നല്‍കി ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഹംഗര്‍ യുകെ ചാരിറ്റിയുടെ ഭാഗമാകാം