
















വിസ റദ്ദാകുമെന്ന ഭയത്താല്‍ ബ്രിട്ടനില്‍ വിദേശ ജോലിക്കാര്‍ തൊഴിലിടങ്ങളിലെ ചൂഷണങ്ങള്‍ സഹിച്ച് തുടരേണ്ട ഗതികേടിന് അന്ത്യം. ചൂഷണത്തിന് വിധേയമാക്കുന്ന എംപ്ലോയറുടെ കൈയില്‍ നിന്നും രക്ഷപ്പെട്ടാല്‍ മൈഗ്രേഷന്‍ സ്റ്റാറ്റസ് നഷ്ടമാകുന്ന പോസ്റ്റ്-ബ്രക്‌സിറ്റ് നിയമങ്ങളില്‍ നിന്നുമാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് ഹോം ഓഫീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത്.
പുതിയ വിസാ മാറ്റങ്ങളിലൂടെ ആധുനിക അടിമത്തത്തിന് ഇരയാകുന്ന ജോലിക്കാര്‍ക്ക് വിസാ കാലാവധി സമയത്ത് മറ്റ് എംപ്ലോയര്‍ക്ക് കീഴിലേക്ക് ജോലി മാറാമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവരുടെ മൈഗ്രേഷന്‍ സ്റ്റാറ്റസും, സ്‌പോണ്‍സറിംഗ് എംപ്ലോയറും തമ്മില്‍ ബന്ധപ്പെടുത്തിയിരുന്നു.
ഇതുമൂലം ജോലി നഷ്ടപ്പെട്ടാല്‍ മറ്റ് സഹായങ്ങളില്ലാതെ വരികയും, പുതിയ സ്‌പോണ്‍സറിംഗ് എംപ്ലോയറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുകെയില്‍ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍ ഈ പഴുത് ഉപയോഗിച്ച് വിദേശ ജോലിക്കാരെ ചൂഷണത്തിന് ഇരയാക്കാനാണ് ചില എംപ്ലോയേഴ്‌സ് ശ്രദ്ധിച്ചത്. കുറഞ്ഞ ശമ്പളം നല്‍കുന്നത് മുതല്‍ ദീര്‍ഘമായ ഷിഫ്റ്റില്‍ ജോലി ചെയ്യിക്കുക, സീറോ-ഹവര്‍ നിബന്ധനകളില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുക പോലുള്ള ചൂഷണങ്ങളും അരങ്ങേറി.
ഈ ചൂഷണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച മുതല്‍ വ്യക്തികളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഒരു സ്‌പോണ്‍സറുടേതുമായി ബന്ധപ്പെടുത്തിയ നയം അവസാനിപ്പിക്കുന്നത്. ദേശീയ റഫറന്‍സ് രീതി വഴി ആധുനിക അടിമത്തത്തിന് ഇരയായെന്ന് കണ്ടെത്തിയാല്‍ വിസാ കാലാവധി പൂര്‍ത്തിയാകുന്നത് വരെ മറ്റൊരിടത്ത് ജോലി ചെയ്യാനും കഴിയും.
ജീവനക്കാരെ ചൂഷണം ചെയ്തതിന് സ്‌പോണ്‍സര്‍ ചെയ്യാനുള്ള ലൈസന്‍സ് നഷ്ടമായ എംപ്ലോയേഴ്‌സിന്റെ എണ്ണം റെക്കോര്‍ഡ് തോതില്‍ എത്തിയ ഘട്ടത്തിലാണ് ഹോം ഓഫീസ് നടപടി. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് ശേഷം മാത്രം 6600-ലേറെ സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സാണ് നഷ്ടമായത്.