
















ബ്രിട്ടനിലെ ട്യൂഷന്‍ ഫീസ് റെക്കോര്‍ഡ് നിലവാരത്തിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചതായി ആന്‍ഡി ബേണ്‍ഹാമിന് നേരെ രൂക്ഷവിമര്‍ശനം. ഫീസ് വര്‍ദ്ധനയ്ക്ക് ലേബര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയ ശേഷം 879% വര്‍ദ്ധനവാണ് ഫീസില്‍ നേരിട്ടതെന്നാണ് കണക്കുകള്‍.
ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളില്‍ യുകെ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇപ്പോള്‍ പ്രതിവര്‍ഷം 9790 പൗണ്ടിലാണ്. 1998-ല്‍ ടോണി ബ്ലെയര്‍ ഗവണ്‍മെന്റ് 1000 പൗണ്ട് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയ സ്ഥാനത്താണ് ഇത്. മുഴുവനായി ലോണെടുത്ത് പഠിച്ചാല്‍ യൂണിവേഴ്‌സിറ്റി പൂര്‍ത്തിയാക്കുമ്പോഴേക്കും അണ്ടര്‍ഗ്രാജുവേറ്റുകള്‍ക്ക് 70,000 പൗണ്ട് കടം വരുമെന്ന് ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി കണ്ടെത്തി.
ലണ്ടനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കടം 81,000 പൗണ്ടിലേക്കും ഉയരും. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ വിട്ടിറങ്ങുന്ന ഗ്രാജുവേറ്റുകളുടെ ശരാശരി കടം 53,010 പൗണ്ടാണെന്ന് ഗവേഷണം തെളിയിക്കുന്നു. ട്യൂഷന്‍ ഫീസ് അടയ്‌ക്കേണ്ടാത്ത സ്‌കോട്ട്‌ലണ്ടില്‍ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി വിട്ടിറങ്ങുമ്പോള്‍ ശരാശരി കടം 17,990 പൗണ്ട് മാത്രമാണ്.
ട്യൂഷന്‍ ഫീസ് അവസാനിപ്പിച്ച് പകരം ഗ്രാജുവേറ്റ് ടാക്‌സ് ഏര്‍പ്പെടുത്തുമെന്ന് ബേണ്‍ഹാം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫീസ് റദ്ദാക്കുന്നതിന് പകരം ഇത് റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് എസ്എന്‍പി വെസ്റ്റ്മിന്‍സ്റ്റര്‍ ഇക്കോണമി വക്താവ് കിര്‍സ്റ്റി ബ്ലാക്ക്മാന്‍ വിമര്‍ശിച്ചു.