
















ഇറാന്‍ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പര്‍ സ്‌പോണ്‍സറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ എന്നും പശ്ചിമേഷ്യയ്ക്ക് ഭീഷണിയാണെന്നും ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് ആരോപിച്ചു. ഭരണനേട്ടങ്ങളും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകളും എടുത്തുപറഞ്ഞായിരുന്നു ട്രംപിന്റെ പ്രസംഗം.51 വര്‍ഷമായി മതഭ്രാന്തരായ ഇറാനിയന്‍ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തിയാണ് ഭരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെ നരകത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, ഇടക്കാല തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നേക്കാവുന്ന തിരിച്ചടി തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും പറഞ്ഞു. രണ്ടര വര്‍ഷം കൂടി താന്‍ അധികാരത്തിലുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ കാര്യത്തില്‍ തനിക്ക് വലിയൊരു തീരുമാനം എടുക്കാനുണ്ടെന്നും അത് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. നവംബറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഇറാന്‍ കരാറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ ട്രംപിന്റെ പ്രസംഗത്തിനിടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിന്ന് ഇറാനിയന്‍ പ്രതിനിധി സംഘം ഇറങ്ങിപ്പോയി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും പ്രസംഗസമയത്ത് ജനറല്‍ അസംബ്ലി ഹാളില്‍ ഉണ്ടായിരുന്നില്ല. ഹാളിലുണ്ടായിരുന്ന മറ്റ് ഇറാനിയന്‍ പ്രതിനിധികളാണ് പുറത്തുപോയത്.
യുദ്ധത്തിന് ശേഷം അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവെന്ന വാദത്തെയും ട്രംപ് തള്ളി. അത്തരത്തില്‍ പറയുന്നവര്‍ ഭീരുക്കളും രാജ്യവിരുദ്ധരുമാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ ആയുധശേഖരത്തില്‍ ഇനിയും ഉപയോഗിക്കാത്ത നിരവധി ആയുധങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, സൈനിക ശക്തിക്ക് മാത്രമായി ലോകത്ത് സമാധാനം സ്ഥാപിക്കാനാകില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തന്റെ ആമുഖ പ്രസംഗത്തില്‍ ഓര്‍മപ്പെടുത്തി