CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 21 Seconds Ago
Breaking Now

ഹൂതി ഭീഷണി: പാകിസ്ഥാന്‍ പിന്തുണയ്ക്കാതിരുന്നതിന് പിന്നാലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ സഹായം തേടി സൗദി

ബാബ് അല്‍ മന്ദബ് കടലിടുക്കിന് നേരെയുള്ള ഹൂതി ഭീഷണി നേരിടുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിലാണ് പ്രധാനമായും ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതെന്നാണ് വിവരം.

യെമനിലെ ഹൂതികളുടെ ആക്രമണം ശക്തമായതോടെ പ്രതിരോധ സഹായത്തിനായി സൗദി അറേബ്യ ഇസ്രയേലിന്റെ രഹസ്യാന്വേഷണ സഹായം തേടിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ യെമനിലെ ഹൂതികള്‍ക്കെതിരായ സൈനിക നടപടിയില്‍ സേനയെ അയയ്ക്കാന്‍ തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് സൗദി ഇസ്രയേലിനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വഴിയാണ് സൗദിയും ഇസ്രയേലും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതെന്നാണ് പ്രാദേശിക നയതന്ത്ര, സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ബാബ് അല്‍ മന്ദബ് കടലിടുക്കിന് നേരെയുള്ള ഹൂതി ഭീഷണി നേരിടുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിലാണ് പ്രധാനമായും ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതെന്നാണ് വിവരം.

ഹൂതികളുടെ സൈനിക വിന്യാസങ്ങള്‍, ഡ്രോണ്‍-മിസൈല്‍ സംവിധാനങ്ങള്‍, ഭാവി ആക്രമണ സാധ്യതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് സൗദി സഹായം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയും ഇസ്രയേലും തമ്മില്‍ ഔദ്യോഗിക നയതന്ത്രബന്ധം നിലവിലില്ലാത്ത സാഹചര്യത്തിലാണ് നീക്കം എന്നതും ശ്രദ്ധേയമാണ്.

അതേസമയം, സൗദിയുടെ അടുത്ത സഖ്യകക്ഷിയായ പാകിസ്ഥാന്‍ യെമനിലെ ഹൂതികള്‍ക്കെതിരായ വിദേശ സൈനിക നടപടികളില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. സൗദിയുടെ സ്വന്തം പ്രദേശം സംരക്ഷിക്കുന്നതിനുള്ള സഹായം നല്‍കാന്‍ തയ്യാറാണെങ്കിലും യെമനില്‍ യുദ്ധനടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഹൂതികള്‍ ബാബ് അല്‍ മന്ദബ് മേഖലയില്‍ നിയന്ത്രണം ശക്തമാക്കിയതും സൗദിയുടെ എണ്ണ അടിസ്ഥാനസൗകര്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തിയതും റിയാദിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് മേഖലയില്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള സൗദിയുടെ ശ്രമങ്ങള്‍ ശക്തമായത്.

 




കൂടുതല്‍വാര്‍ത്തകള്‍.