
















ബ്രിട്ടന്റെ ബെനഫിറ്റ് ബില്ലുകള്‍ കുറയ്ക്കുന്നത് ഏതൊരു ഗവണ്‍മെന്റിന്റെയും സ്വപ്‌നമാണ്. ബെനഫിറ്റ് ബില്‍ കുറയ്ക്കുന്നത് വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞ് ഈ വാഗ്ദാനം നല്‍കിയ ലേബര്‍ ഗവണ്‍മെന്റ് പോലും മടിച്ച് നില്‍പ്പാണ്. ഇതിനിടയിലാണ് ഊതിവീര്‍പ്പിക്കപ്പെട്ട ബെനഫിറ്റ് ബില്‍ കുറയ്ക്കാന്‍ പണിയുമായി പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് രംഗത്ത് വന്നിരിക്കുന്നത്.
നികുതിയിനത്തില്‍ ഒന്നും നല്‍കാത്ത തൊഴില്‍രഹിതരുടെ ആനുൂകൂല്യങ്ങള്‍ കുറയ്ക്കുകയും, ബാക്കി തുക മദ്യപാനം, പുകവലി, വാതുവെപ്പ് പോലുള്ളവയ്ക്ക് ഉപയോഗിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്താനാണ് ബാഡെനോകിന്റെ പദ്ധതി. ടോറികള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഈ മാറ്റം വരുമെന്ന് അവര്‍ വ്യക്തമാക്കി.
ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നിട്ടും, ഇതിന് തയ്യാറാകാത്ത ആളുകള്‍ ദീര്‍ഘകാലം ജോലിയില്‍ നിന്നും വിട്ടുനിന്നാല്‍ ഇവരുടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പേയ്‌മെന്റുകള്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. കൂടാതെ ഇവര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാനായി 'ബാക്ക് ടു വര്‍ക്ക്' കാര്‍ഡ് നല്‍കി, ഇതിലെ പണം മദ്യം, പുകവലി പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
300,000-ലേറെ ആളുകള്‍ ഈ വിഭാഗത്തില്‍ പെടുമെന്നതിനാല്‍ മാറ്റങ്ങള്‍ വഴി ദശകത്തിന്റെ അവസാനത്തോടെ അര ബില്ല്യണ്‍ പൗണ്ട് ലാഭം നികുതിദായകന് ലഭിക്കുമെന്നാണ് വാദം. ജോലി ചെയ്യാന്‍ കഴിയുന്നവര്‍ അത് ചെയ്യുകയാണ് വേണ്ടതെന്ന് ബാഡെനോക് വ്യക്തമാക്കി. സഹായം നല്‍കുന്ന സിസ്റ്റത്തെ ചൂഷണം ചെയ്യരുത്. അത് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവരുടെ സുരക്ഷയ്ക്കായി തയ്യാറാക്കിയതാണ്, ടോറി നേതാവ് ചൂണ്ടിക്കാണിച്ചു.